വാട്സ്ആപ്പ് തനിനിറം വെളിപ്പെടുത്തി; ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപ്പു വാങ്ങാൻ വന്നപോലെ: സിഎഐടി

whatsapp-05-12
SHARE

രാജ്യത്ത് ഫെയ്സ്ബുക്കും വാട്സ്ആപ്പും നിരോധിക്കണമെന്ന നിവേദനവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ്(സിഎഐടി). വാട്‌സാപ്പിനു നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വാട്‌സാപ്പില്‍ തന്നെ കിടക്കണം എന്നാണ് സിഎഐടി ആവശ്യപ്പെടുന്നത്. ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ 20 കോടിയിലേറെ ഉപയോക്താക്കളുണ്ട്. രണ്ടു ആപ്പുകളിലുമുള്ള വിവരങ്ങള്‍ ഒരുമിപ്പിച്ചാല്‍ ഫെയ്‌സ്ബുക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും എന്തിന് സുരക്ഷയ്ക്കും പോലും ഒരു ഭീഷണിയായി തീരാമെന്ന് സിഎഐടി ചൂണ്ടിക്കാണിക്കുന്നു. 

ബ്രിട്ടിഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ഉപ്പു വാങ്ങാനെത്തി രാജ്യം മുഴുവന്‍ കീഴടക്കിയ അവസ്ഥയാണ് തങ്ങള്‍ക്കിപ്പോള്‍ ഓര്‍മവരുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക ഘടനയുടെയും പോലും നട്ടെല്ലൊടിക്കാന്‍ പാകത്തിനുള്ള ഡേറ്റ അവര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു. ആദ്യം ഫെയ്‌സ്ബുക്കും വാട്‌സാപ്പും പൈസ നല്‍കാതെ വേറെ വേറെ ആപ്പുകളായി ഉപയോഗിക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ അവര്‍ തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരു ആപ്പുകളിലെയും ഡേറ്റകള്‍ ഒരുമിപ്പിക്കുക വഴി ഇന്ത്യയുടെ വാണിജ്യ ഇടപാടുകളും സമ്പദ്‌വ്യവസ്ഥയും നിയന്ത്രിക്കുക എന്ന ലക്ഷ്യമടക്കം പല രഹസ്യ പദ്ധതികളും അവരുടെ കൈയ്യിലുണ്ടാകാമെന്നും സിഎഐടി പറയുന്നു. വാട്‌സാപ്പിന്റെ പുതിയ നയം അടുത്ത മാസം എട്ടിനാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അതിനു മുൻപ് അവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കുയോ വാട്‌സാപ് ഉപേക്ഷിക്കുയോ ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ കല്‍പ്പന. ഡിജിറ്റല്‍ വിദ്യാഭ്യാസം കുറവുള്ളവര്‍ എന്തു സഹിച്ചും തങ്ങളുടെ പ്രിയ ആപ് നിലനിര്‍ത്തുമെന്ന അഹങ്കാരം തന്നെയായിരിക്കാം ഫെയ്‌സ്ബുക്കിന്റേത്. 

പുതിയ നയം ഇന്ത്യക്കാരുടെ സ്വകാര്യതയുടെ മേലുളള കടന്നുകയറ്റമാണ്. അത് ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതിനാല്‍ തന്നെ സർക്കാർ ഉടനടി ഇടപെടണമെന്നാണ് സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍തിയ ആവശ്യപ്പെടുന്നത്. പുതിയ നയങ്ങള്‍ വായിച്ചുനോക്കാതെ, തങ്ങളെന്താണ് ചെയ്യുന്നതെന്നു മനസ്സിലാക്കാതെ ആളുകളെ പറ്റിക്കാനുള്ള ശ്രമമാണെന്നും പറയുന്നു. ഈ നയം അംഗീകരിക്കാതെ ഇത്രനാള്‍ ഉപയോഗിച്ചു വന്ന വാട്‌സാപ് ഉപയോഗിക്കേണ്ട എന്ന ഫെയ്‌സ്ബുക്കിന്റെ കല്‍പ്പനയാണ് സിഎഐടിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും സംഘടന പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി ഏതു വകയിലാണ് അവരുടെ ഏകപക്ഷീയമായ നയങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അതിനാല്‍ സർക്കാർ അടിയന്തരമായി ഇടപെടണമന്നാണ് സിഎഐടി ആവശ്യപ്പെടുന്നത്.

MORE IN BUSINESS
SHOW MORE
Loading...
Loading...