വാട്സാപ്പ് ഉപേക്ഷിക്കാന്‍ നേരമായോ? ആശങ്ക ഇതാണ്; പോയാൽ ഇനിയാര്?

 വാട്സാപ്പിന്‍റെ പുത്തൻ സ്വകാര്യ നയങ്ങളാണ് ഇപ്പോൾ പലരുടേയും ചർച്ചാവിഷയം. പുതിയ പോളിസിയ്ക്ക് സമ്മതം നൽകുന്നതോടെ പാരൻറ് കമ്പനിയായ ഫെയ്സ്ബുക്കുമായി കൂടുതൽ വിവരങ്ങൾ വാട്സാപ്പ് പങ്കുവെയ്ക്കുമെന്നും വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഇത് വലിയ ഭീഷണിയുണ്ടാക്കുമെന്ന വാർത്തകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

മറ്റ് ആപ്പുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഫെയ്സ്ബുക്കിനു കീഴിലുളള വാട്സാപ്പും മെസഞ്ചറും സ്ഥലം, ഡേറ്റ വിനിയോഗം, സാമ്പത്തിക ഇടപാടുകൾ, കോൺടാക്ടുകൾ, ഇ–മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നുവെന്നാണ് ആപ്പ് സ്റ്റോറില്‍ കാണിക്കുന്നത്.

പുതിയ സ്വകാര്യ നയങ്ങൾ സ്വീകരിക്കാത്ത പക്ഷം വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റായി പോകുമെന്ന പേടി കൊണ്ട് വായിച്ചു നോക്കാതെ നയങ്ങൾക്ക് എഗ്രി ചെയ്തവരുമുണ്ട്. പുതിയ സ്വകാര്യ നയങ്ങൾ അംഗീകരിക്കുന്നതിനായി വാട്സാപ്പ് വെച്ചിരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി എട്ടാണ്.

ഇതിനിടയിലാണ് എലോൺ മസ്കിന്‍റെ സിഗ്നൽ ആപ്പ് മെച്ചപ്പെട്ട സുരക്ഷിതത്വം ഉറപ്പുവരുത്തുന്നുവെന്ന വസ്തുത പുറത്തുവരുന്നത്. എലോൺ മസ്കിൻറെ 'യൂസ് സിഗ്നൽ' എന്ന ട്വീറ്റ് കൂടിയായപ്പോൾ നമ്പർ മാത്രം ശേഖരിക്കുന്ന സിഗ്നൽ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കയാണ് ഉപഭോക്താക്കൾ.

പെട്ടെന്നുണ്ടായ ആളൊഴുക്കു കാരണം സിഗ്നലിന്‍റെ വെരിഫിക്കേഷന് കൂടുതൽ സമയമെടുക്കുന്നുവെന്നുളള ഡേറ്റയും പുറത്തുവന്നിരുന്നു.

വാട്സാപ്പിന്‍റെ വിശ്വാസ്യത ഇതാദ്യമല്ല ചോദ്യം ചെയ്യപ്പെടുന്നതെങ്കിലും മസ്കിൻറെ സിഗ്നലിന് നല്ല കാലം അടുത്തിരിക്കയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 400 മില്യൺ ഉപഭോക്താക്കളുളള വാട്സാപ്പിന് സിഗ്നൽ തിരിച്ചടിയാകുമോയെന്നതും കണ്ടറിയേണ്ടതു തന്നെ.