49,193.46 കോടി കടം; അനിൽ അംബാനി ഉള്ളതെല്ലാം വിൽക്കുന്നു; ആസ്തികൾ ജിയോയ്ക്ക്

anil-ambani-new
SHARE

രാജ്യത്തെ സാമ്പത്തിക മേഖല ഒരുപരിധി വരെ നിയന്ത്രിച്ചിരുന്നത് അംബാനി കുടുംബമായിരുന്നു. സാങ്കേതിക ലോകത്തും ഇന്ധന മേഖലയിലും എന്തിന് ടെലികോം മേഖല വരെ അംബാനി കുടുംബം നിറഞ്ഞു നിന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം മുകേഷ് അംബാനി ജിയോ എന്നൊരു കമ്പനി തുടങ്ങിയതോടെ അനിയൻ അനിൽ അംബാനിയുടെ ടെലികോം ബിസിനസ് തകരുന്ന കാഴ്ചയാണ് 2017ൽ കണ്ടത്. കടം കയറിയ കമ്പനിയെ എന്തു ചെയ്യണമെന്ന് അറിയാതെ സഹോദരൻ നെട്ടോട്ടം ഓടുമ്പോൾ ചേട്ടൻ മുകേഷ് അംബാനി തന്റെ ജീവനക്കാരോടും മക്കളോടും പറഞ്ഞത് ഇങ്ങനെ, നമ്മുടെ കമ്പനിയെ ലോകത്തെ ആദ്യ 20 ബ്രാൻഡുകളിൽ ഒന്നാക്കി മാറ്റണം. അതേസമയം, മറ്റൊരു സ്ഥലത്തിരുന്ന് അനിൽ അംബാനി കടം വീട്ടാൻ ഓഹരികളും തന്റെ സ്ഥാപനങ്ങളും ഒന്നൊന്നായി വിൽക്കുന്നത് തുടരുകയാണ്. ഇപ്പോൾ അനിൽ അംബാനിയുടെ കീഴിലുളള റിലയൻസ് ഇൻഫ്രാടെല്ലിന്റെ ആസ്തികളും സഹോദരൻ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് നൽകാൻ അനുമതിയായിരിക്കുന്നു.

ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ (NCLT) അംഗീഗകരിച്ച പ്ലാന്‍ പ്രകാരം കടം കയറി മുടിഞ്ഞ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റെ ടവറുകളും റിലയന്‍സ് ജിയോയാണ് സ്വന്തമാക്കുക. കടം നല്‍കിയവര്‍ക്ക് ഏകദേശം 4,400 കോടി രൂപയായിരിക്കും ജിയോയുടെ കീഴിലുളള കമ്പനി നല്‍കുക. റിലയന്‍സ് ജിയോയുടെ കീഴിലുളള, റിലയന്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായിരിക്കും തുക കൈമാറുക. അംഗീകരിച്ച തീര്‍പ്പു പ്രകാരം ആര്‍കോമും റിലയന്‍സ് ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും യുവി അസെറ്റ്‌സ് റികണ്‍സ്ട്രക്ഷന്‍ കമ്പനിയ്ക്കു (UVARCL) ലഭിക്കും. 

എന്നാല്‍, റിലയന്‍സ് ഇന്‍ഫ്രാടെല്ലിനു കീഴിലുള്ള ടവര്‍ യൂണിറ്റുകള്‍ ജിയോയ്ക്ക് ലഭിക്കും. ഇതിനായി ജിയോ 20,000-23,000 കോടി രൂപ അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ നല്‍കണം. റിലയന്‍സ് ഇന്‍ഫ്രാടെല്ലിന് ഏകദേശം 43,000 ടവറുകളും, 1,72,000 റൂട്ട് കിലോമീറ്റര്‍ നീളത്തില്‍ ഫൈബര്‍ കേബിളുകളും ഉണ്ട്. പുതിയ റെസലൂഷന്‍ പ്ലാന്‍ 100 ശതമാനം വോട്ടിനാണ് കടം നല്‍കിയ പണം ലഭിക്കാനുള്ളവര്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  

റിലയന്‍സ് ഇന്‍ഫ്രാടെല്ലിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം പ്രകാരം ആര്‍കോമിന് 49,193.46 കോടി രൂപ കടമുണ്ട്. കമ്പനിയുടെ വസ്തുവകകള്‍ മൂന്നു കമ്പനികള്‍ക്കു കീഴിലാണ് ഉള്ളത്-ആര്‍കോം, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍. ഇവര്‍ വിവിധ കമ്പനികളില്‍ നിന്നായി 24,306.27 കോടി രൂപയും, 12,687.65 കോടി രൂപയും കടമായി പറ്റിയിട്ടുണ്ട്. അതായത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ മൊത്തം കടം 86,187.58 കോടി രൂപയാണ്. ഇതിനു പുറമെയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് സ്‌പെക്ട്രം ലഭിച്ച ഇനത്തില്‍ നല്‍കാനുള്ള 28,837 കോടി രൂപ.

നിലവില്‍ റിലയന്‍സ് ഇന്‍ഫ്രാടെല്‍ കടം വാങ്ങിയ കമ്പനികള്‍ക്കായിരിക്കും 4,400 കോടി രൂപ ലഭിക്കുക. ഇന്‍ഫ്രാടെല്ലിന്റെ മാത്രം മൊത്തം ബാധ്യത 12,687.65 കോടി രൂപയാണല്ലോ. ആര്‍കോമിന് പണം കടമായി നല്‍കിയവര്‍ കമ്പനിയെ കോടതി കയറ്റുന്നത് 2018ലാണ്. റിലയന്‍സ് ഇന്‍ഫ്രാടെല്ലിന് 1,343 കോടി രൂപയാണ് 2019-20 കാലഘട്ടത്തില്‍ വരുമാനമായി ലഭിച്ചത്. തൊട്ടു മുൻപത്തെ കാലയളവില്‍ 1,450 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കമ്പനിയുടെ നഷ്ടം 2019-20 കാലഘട്ടത്തില്‍ 66 കോടി രൂപയായിരുന്നുവെങ്കില്‍, മുൻവര്‍ഷമിത് 132 കോടി രൂപയായിരുന്നു.

ആര്‍കോമിന്റെ മൊത്തം കടം 49,193.46 കോടി രൂപയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കടം നല്‍കിയവരില്‍ ഇന്ത്യയില്‍ നിന്നുള്ള ബാങ്കുകളും വിദേശ ബാങ്കുകളും കമ്പനികളും ഉള്‍പ്പെടും. തങ്ങള്‍ക്ക് പൈസ ലഭിക്കാനുണ്ടെന്നു പറഞ്ഞ് 53 സാമ്പത്തിക സ്ഥാപനങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ടവര്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനികള്‍, ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍, തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിനു നല്‍കാനുണ്ടെന്നു പറയുന്ന 28,837 കോടി രൂപയില്‍ 21,000 കോടി രൂപ യഥാര്‍ഥമാണെന്നു കണ്ടെത്തിക്കഴിഞ്ഞു.

ആര്‍കോമിന്റെ പ്രവര്‍ത്തനം 2017ലാണ് അവസാനിപ്പിച്ചത്. കടം കുമിഞ്ഞു കൂടുന്നതും, എതിരാളികള്‍ വര്‍ധിച്ചതും കാരണമായി. റിലയന്‍സ് ജിയോ 2016ല്‍ ടെലികോം രംഗത്തേക്കു കടന്നു വന്നതോടെ മൊത്തം കാര്യങ്ങള്‍ക്ക് മാറ്റം വരികയായിരുന്നല്ലോ. തങ്ങളുടെ കൈവശമുള്ള സ്‌പെക്ട്രം അടക്കമുള്ള വയര്‍ലെസ് അസറ്റുകള്‍ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാന്‍ മുൻപും ആര്‍കോം ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, അപ്പോഴെല്ലാം കടം നല്‍കിയ പണം തിരിച്ചു ലഭിക്കാനുള്ളവര്‍ കേസുകള്‍ നല്‍കുകയായിരുന്നു. പുതിയ തീരുമാനങ്ങള്‍ നടപ്പിലാകണമെങ്കില്‍ ദോഹ ബാങ്ക് നല്‍കിയിരിക്കുന്ന പരാതി കൂടെ തീര്‍പ്പാക്കണം.

MORE IN BUSINESS
SHOW MORE
Loading...
Loading...