വസ്ത്രത്തിനുള്ളിലൂടെ കാണുന്നു; വണ്‍പ്ലസ് ചൈനയിൽ ഫീച്ചർ പിൻവലിക്കും; ഇന്ത്യയിൽ തുടരും

one-plus
SHARE

വണ്‍പ്ലസ് 8 പ്രോ ക്യാമറയുടെ ഫോട്ടോക്രോം ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ കട്ടികുറഞ്ഞ പ്ലാസ്റ്റിക്കിനുള്ളിലേക്കും വസ്ത്രത്തിനടിയിലുള്ളതും നോക്കാമെന്ന വിവാദം കൊഴുത്തതോടെ കമ്പനി ഈ ഫീച്ചര്‍ ചൈനയില്‍ എടുത്തുകളയാന്‍ തീരുമാനിച്ചു. വണ്‍പ്ലസ് 8 പ്രോയുടെ 5 എംപി കളര്‍ ഫില്‍റ്റര്‍ ക്യാമറ, അഥവാ ഇന്‍ഫ്രാറെഡ് ക്യാമറയാണ് വിവാദത്തിലായത്. ഈ ക്യാമറ ഫീച്ചര്‍ നിലനിര്‍ത്തിയാല്‍ തങ്ങള്‍ക്ക് തരിച്ചടിയുണ്ടായേക്കുമോ എന്ന പേടിയാണ് കമ്പനിയെക്കൊണ്ട് ഇതു ചെയ്യിച്ചതെന്ന് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ ഫീച്ചറിനെക്കുറിച്ചുള്ള ചര്‍ച്ച കൊഴുത്തു വരികയായിരുന്നു. വരുന്ന ആഴ്ചകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ ചൈനയില്‍ ഈ ഫീച്ചര്‍ എടുത്തുകളയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് താത്കാലികമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വിവാദം കെട്ടടങ്ങുകയാണെങ്കില്‍ അത് വീണ്ടും ലഭ്യമാക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാല്‍, ഇന്‍ഫ്രാറെഡ് ക്യാമറയുടെ ഈ ഫീച്ചര്‍ എടുത്തുകളയരുതായിരുന്നു എന്നു പറഞ്ഞും പലരും രംഗത്തെത്തിയിട്ടുണ്ട്. സര്‍ഗാത്മകമായ പല സാധ്യതകളുമാണ് ഇതിലൂടെ എടുത്തുകളയപ്പെട്ടതെന്നും വാദമുണ്ട്. എന്നാല്‍, കമ്പനി പറയുന്നത് വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറയിലെ ഈ സവിശേഷതയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളം ചര്‍ച്ച നടന്നിരിക്കുന്നുവെന്നും ഇതിന് അനുപമമായ ചിത്രങ്ങളെടുക്കാനുള്ള കഴിവിനെ പുകഴ്ത്തുന്നവരും ചില മെറ്റീരിയലുകള്‍ക്ക് ഉളളിലേക്ക് കാണാനുള്ള സാധ്യതയെ വിമര്‍ശിക്കുന്നവരും ഉണ്ടെന്നും പറയുന്നു. വണ്‍പ്ലസ് 8 പ്രോയുടെ ക്യാമറ ഉപയോഗിച്ച് കൂടുതല്‍ സര്‍ഗാത്മകമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. എന്നാല്‍ എതിര്‍ വാദങ്ങളെയും തങ്ങള്‍ മാനിക്കുന്നതിനാല്‍, ഒരു ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ് അയച്ച് ഈ ഫീച്ചര്‍ തത്കാലത്തേക്ക് ഇല്ലാതാക്കും. ഫോട്ടോക്രോം ഫില്‍റ്ററിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതിനാല്‍ അതുമാത്രമായിരിക്കും തത്കാലം ഡിസേബിൾ ചെയ്യുക.

വണ്‍പ്ലസ് ചൈനയില്‍ ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ഓഎസ് ആണ്. ചൈനീസ് സമൂഹ മാധ്യമങ്ങളിലാണ് ഈ ഫീച്ചറിനെക്കുറിച്ച് ഏറ്റവുമധികം ചര്‍ച്ച നടന്നിരിക്കുന്നത്. അതിനാല്‍ ഹൈഡ്രജന്‍ഓഎസില്‍ താത്കാലികമായി എടുത്തുകളയുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വണ്‍പ്ലസ് ഇന്ത്യ അടക്കം മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഓക്‌സിജന്‍ഓഎസാണ്. തങ്ങള്‍ ഓക്‌സിജന്‍ഓഎസില്‍ ഈ ഫീച്ചര്‍ എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറയുന്നു. അതിനു കാരണായി പറയുന്നത് ഹൈഡ്രജന്‍ ഓഎസിലെ പ്രശ്‌നം അതിവേഗം പരിഹരിക്കാനാണെന്നും പറയുന്നു. അതിനര്‍ഥം ഈ ഫീച്ചര്‍ ഓക്‌സിജന്‍ഓഎസില്‍ നിലനിര്‍ത്തുമെന്നാണോ, അതോ ചൈനയിലെ പ്രശ്‌നം പരിഹരിച്ച ശേഷം മറ്റു രാജ്യങ്ങളിലെ പ്രശ്‌നം പരിഹരിക്കുമെന്നാണോ എന്നു വ്യക്തമല്ല.

MORE IN BUSINESS
SHOW MORE
Loading...
Loading...