കൊറോണ ഭീതി; ചൈനയെ ഉപേക്ഷിക്കാന്‍ അമേരിക്കയും ജപ്പാനും; നേട്ടം ഇന്ത്യക്ക്

covid-china
SHARE

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ നിന്നു തുടങ്ങിയ മഹാമാരി ഒട്ടുമിക്ക രാജ്യങ്ങളിലും എത്തികഴിഞ്ഞു. ചൈനയിലെ വുഹാനിലെ ഒരു ചെറിയ മാർക്കറ്റിൽ തുടങ്ങിയ കൊറോണ വൈറസ് ഇന്ന് ലോകത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ലോക സാമ്പത്തിക മേഖലയെ ഒന്നടങ്കം തകർത്തിരിക്കുന്നു. ഇതിനാൽ തന്നെ, ചൈനയിലെ കമ്പനികളും മറ്റു ടെക് വിദഗ്ധരെയും തിരിച്ചുവിളിക്കാനാണ് അമേരിക്കയും ജപ്പാനും തീരുമാനിച്ചിരിക്കുന്നത്. കൊറോണവൈറസിന് കാരണക്കാരായ ചൈനയെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താൻ തന്നെയാണ് അമേരിക്കയും ജപ്പാനും ആലോചിക്കുന്നത്.

ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറാണ് നഷ്ടമായിരിക്കുന്നത്. ലോകമെമ്പാടുമുള്ള കമ്പനികൾക്ക് വൻ നഷ്ടം സംഭവിച്ചിരിക്കുന്നു. ഇതിനെല്ലാം കാരണക്കാരായ ചൈനയുമായി ബന്ധം വേണ്ടെന്നാണ് മിക്ക രാജ്യങ്ങളും പറയാതെ പറയുന്നത്. വിദേശ കമ്പനികളെല്ലാം ചൈനയിൽ നിന്ന് പുറത്തുപോകാനുള്ള ശ്രമത്തിലാണ്. അങ്ങനെ വന്നാൽ അമേരിക്കൻ കമ്പനികളിൽ ഒരു ഭാഗം ഇന്ത്യയിലേക്ക് വരും. ഇത് സാമ്പത്തികമായി ഇന്ത്യക്ക് ഏറെ നേട്ടമാകും.

ചൈനയിൽ ഉൽപ്പാദന സൗകര്യങ്ങളുള്ള പ്രധാന യുഎസ് ടെക് ഭീമൻമാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉൽ‌പാദന പ്ലാന്റുകൾ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്ന് മാർച്ചിൽ റിപ്പോർട്ടുണ്ടായിരുന്നു.

അമേരിക്കയ്ക്ക് പിന്നാലെ ഇപ്പോൾ ജപ്പാനും ചൈന വിടാനൊരുങ്ങുകയാണ്. ജപ്പാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ജാപ്പനീസ് സർക്കാർ തങ്ങളുടെ രാജ്യത്തെ കമ്പനികളെ ചൈനയിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് 200 കോടി ഡോളർ ചെലവഴിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരി കാരണം രാജ്യത്തുടനീളമുള്ള ഉൽ‌പാദന പ്ലാന്റുകൾ അടച്ചുപൂട്ടിയപ്പോൾ വിവിധ ജാപ്പനീസ് ഭീമന്മാർക്ക് സ്റ്റോക്കുകളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

ഉയർന്ന മൂല്യമുള്ള ഉൽ‌പന്നങ്ങളുടെ ഉൽ‌പാദനം ജപ്പാനിലേക്ക് മാറ്റുന്നതിനും മറ്റ് വസ്തുക്കളുടെ ഉൽ‌പാദനം തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ജാപ്പനീസ് അധികൃതർ കഴിഞ്ഞ മാസം ചർച്ച നടത്തി. വിലകുറഞ്ഞ അധ്വാനവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതയുമാണ് ലോകമെമ്പാടുമുള്ള കമ്പനികൾ ചൈനയെ ഇഷ്ടപ്പെടുന്നതിന്റെ ചില കാരണങ്ങൾ.

ചൈന വിടുന്ന കമ്പനികൾക്ക് അവരുടെ ഉൽ‌പാദന ആവശ്യങ്ങൾ‌ നിറവേറ്റുന്നതിനായി നിരവധി രാജ്യങ്ങളുണ്ട്, തായ്‌ലൻഡ്, വിയറ്റ്നാം, ഇന്ത്യ എന്നിവരാണ് മുന്നിൽ നില്‍ക്കുന്നത്. വിയറ്റ്നാമിൽ സാംസങ് ഉൽ‌പാദനം തുടങ്ങി കഴിഞ്ഞു. ഇന്ത്യയിൽ പോലും സാംസങ് തങ്ങളുടെ ഏറ്റവും വലിയ സ്മാർട് ഫോൺ നിർമാണ കേന്ദ്രം നോയിഡയിൽ സ്ഥാപിച്ചു. ആപ്പിൾ പോലുള്ള ബ്രാൻഡുകൾ ഇന്ത്യയിൽ ഐഫോൺ എക്സ്ആർ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, ലോകത്ത് കോവിഡ് മരണം ഒരുലക്ഷത്തി പതിനാലായിരം കടന്നു. രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. അമേരിക്കയില്‍ മരണസംഖ്യ 22,115 ആയി. 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തി അഞ്ഞൂറലധികംപേരാണ്. ഇറ്റലിയില്‍ ഇതുവരെ 19,899 പേരും സ്പെയിനില്‍ 17,209 പേരും മരിച്ചു. ബ്രിട്ടനില്‍ മരണസംഖ്യ പതിനായിരം കടന്നു. ഇന്നലെ മാത്രം മരിച്ചത് 737 പേരാണ്. ഫ്രാന്‍സില്‍ ഇതുവരെ മരിച്ചത് 14,393 പേരാണ്.

MORE IN BUSINESS
SHOW MORE
Loading...
Loading...