റിസർവ് ബാങ്ക് ‘ഉദ്യോഗസ്ഥർ’ വിളിക്കും, ഒന്നും വെളിപ്പെടുത്തരുതേ, കാശ് പോകും.

CYBER-ATTACK/
SHARE

തൊടുപുഴ : ‘ സാർ ഞങ്ങൾ നാപ്ടോൾ ഷോപിങ് സൈറ്റിൽ നിന്നാണ് വിളിക്കുന്നത്, താങ്കൾ ഞങ്ങളുടെ സൈറ്റിൽ നിന്ന് കഴി‍ഞ്ഞ ദിവസം പർച്ചേസ് ചെയ്തിരുന്നില്ലേ?

– ഉവ്വ്, ചെയ്തിരുന്നു...

‘സാർ നിങ്ങൾ ഭാഗ്യവാനാണ്. ഞങ്ങളുടെ ഷോപിങ് സൈറ്റിന്റെ നറുക്കെടുപ്പിൽ സാറിന് 5,20,000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നും പണ വരുന്നതിനാൽ സാർ കുറച്ചുപൈസ ജിഎസ്ടി അടയ്ക്കേണ്ടിവരും. ഞങ്ങളുടെ സെയിൽസ് എക്സിക്യുട്ടീവിന്റെ അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ച ശേഷം സാറിന് സമ്മാന തുക ലഭിക്കും’

– അതിനെന്താ, ഞാൻ ഇപ്പോൾ തന്നെ പണം അടച്ചേക്കാം – എന്നു പറയാനാണോ പോകുന്നേ ? എങ്കിൽ നിങ്ങളുടെ പണം നഷ്ടമായി എന്നു കരുതിക്കോളു. വളരെ വിദഗ്ധമായി നിങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ കട്ടപ്പന സ്വദേശിക്ക് നഷ്ടമായത് 23,400 രൂപയാണ്. ഓൺലൈൻ ബാങ്കിങ്ങിന്റെയും നൂലാമാലകളെയും സാധാരണക്കാരുടെ അറിവില്ലായ്മയെയും ചൂഷണം ചെയ്ത് തട്ടിപ്പിന്റെ വലിയൊരു വല തന്നെ മുറുകിവരുന്നു.

ഓരോ രൂപത്തിൽ തട്ടിപ്പുകൾ തുടരുമ്പോഴും വീണ്ടും വീണ്ടും തട്ടിക്കപ്പെടാൻ തയാറായി കീശതുറന്നിട്ടു കാത്തിരിക്കുകയാണ് ജനം. തട്ടിപ്പുകാർ പുറത്തെടുക്കുന്ന ചില ‘നമ്പറുകൾ’ ദാ ഇങ്ങനെ:

റിസർവ് ബാങ്ക് വിളിക്കും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണെന്ന പേരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥർക്കു ഫോൺ വിളികളെത്താം. എടിഎം കാർഡ് സംബന്ധിച്ച വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ശരിയായ വിവരങ്ങൾ നൽകണമെന്നുമാണ് ആവശ്യം. ഇങ്ങനെയൊരു ഫോൺകോൾ വിശ്വസിച്ച തൊടുപുഴ സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനു നഷ്ടപ്പെട്ടത് 2 ലക്ഷം രൂപയാണ്. എടിഎം കാർഡ് വിവരങ്ങളിലെ പൊരുത്തക്കേടു മൂലം നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്തെന്നു പറഞ്ഞായിരുന്നു വിളി. എടിഎം കാർഡ് നമ്പർ, സിവിവി, എക്സ്പയറി ഡേറ്റ് എന്നിവ പറഞ്ഞുകൊടുത്തു. അതോടെ അക്കൗണ്ടിലെ പണം ‘എക്സ്പയറി’ ആയി!

ആധാർ ബന്ധിപ്പിക്കും

ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു നൽകാമെന്നുപറഞ്ഞു ഫോൺവിളി വരാം. എടിഎം കാർഡ് വിവരങ്ങൾ പറഞ്ഞുകൊടുത്താൽ പോക്കറ്റടിക്കപ്പെട്ട അവസ്ഥയിലാകും. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ എളുപ്പവഴികളില്ലെന്ന് ആദ്യം തന്നെ ഓർക്കുക.ഓൺലൈൻ ആയി ബന്ധിപ്പിക്കുന്നതു സുരക്ഷിത മാർഗമാണെങ്കിലും ഫോണിലെ വോയ്സ് കോളിലൂടെ ബന്ധിപ്പിക്കാൻ സൗകര്യമില്ലെന്ന് അറിയുക. ആധാർ കാർഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ എടിഎം കാർഡ് നമ്പറും സിവിവിയും ആവശ്യപ്പെട്ടായിരിക്കും വിളിയെത്തുക.

ആദായ നികുതി റീഫണ്ട്, ആദായകരമല്ല

ആദായ നികുതി റിട്ടേൺ റീഫണ്ട് വാഗ്ദാനവുമായി ഫോണിൽ വിളിവരാം. എസ്എംഎസ്, വോയിസ് കോൾ സംവിധാനങ്ങളും ഇതിനായി തട്ടിപ്പുകാർ ഉപയോഗിക്കുന്നു. ഒടിപിയും എടിഎം കാർഡിലെ സിവിവി നമ്പറും പറഞ്ഞു കൊടുത്താൽ റീഫണ്ട് വേഗത്തിലാക്കി നൽകാമെന്നാണ് വാഗ്ദാനം.

കാർഡ് ബ്ലോക്ക് ആയി

ബാങ്കിൽ നിന്നു വിളിക്കുന്നുവെന്ന പേരിൽ കോൾ വരാം. എടിഎം കാർഡ് ബ്ലോക്ക് ആയെന്നും പുനഃസ്ഥാപിക്കാൻ ഒടിപി നമ്പർ നൽകണമെന്നുമാകും ആവശ്യം. വിരമിച്ച കോളജ് അധ്യാപകരെ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകളിലേറെയും. ട്രഷറി വഴി ബാങ്ക് അക്കൗണ്ടിലേക്കാണ് ഇവരുടെ പെൻഷനും മറ്റും എത്തുന്നത്. എടിഎം കാർഡ് ബ്ലോക്ക് ആയെന്നറിയുമ്പോൾ പലരും ടെൻഷനിലാകും. പുനഃസ്ഥാപിക്കാൻ ഒരു ലിങ്ക് ഫോണിൽ അയച്ചുകൊടുക്കും. ഈ ലിങ്കിൽ എടിഎം കാർഡിന്റെ വിവരങ്ങൾ അപ്ലോഡ് ചെയ്യണമെന്നാണ് നിർദേശം. ഇതോടെ തട്ടിപ്പുകാരന്റെ പണി പാതി കുറഞ്ഞു. അക്കൗണ്ടിൽ നിന്നു പണം ട്രാൻസ്ഫർ ചെയ്യേണ്ട ജോലി മാത്രമേ തട്ടിപ്പുകാർക്കുള്ളൂ!

കാർഡ് പുതുക്കാം; അക്കൗണ്ട് പൊക്കും

നിങ്ങളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിന്റെ കാലാവധി നീട്ടിത്തരാമെന്നുപറഞ്ഞും കോളുകൾ വരാം. ഒരുവർഷം കൂടിയേ കാർഡിനു കാലാവധിയുള്ളൂ എന്നും ഫോണിലൂടെ പുതുക്കിനൽകാമെന്നുമാകും വാഗ്ദാനം. ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്നുകൂടി പറയുമ്പോൾ ഉപഭോക്താക്കൾക്കു സംശയമുണ്ടാകില്ല.

ആഡംബര കാർ സമ്മാനം

ആഡംബര കാറിന്റെ നറുക്കെടുപ്പിൽ നിങ്ങളുടെ ഫോൺ നമ്പറിനു സമ്മാനമടിച്ചെന്നും ഒരു കോടിയിലേറെ മൂല്യമുള്ള കാറിന്റെ ഉടമയാണ് നിങ്ങളെന്നും അറിയിച്ച് ഫോൺവിളി എത്താം. താൻ പോലുമറിയാതെ താൻ കോടീശ്വരനായ വാർത്ത കേട്ട് ഉപഭോക്താവ് തലതരിച്ചു നിൽക്കുമ്പോൾ തഞ്ചത്തിൽ എടിഎം കാർഡ് വിവരങ്ങൾ തട്ടിപ്പുകാരൻ ചോദിച്ചറിയും. വിൽപനക്കരാർ എഴുതാനാണെന്നും മറ്റുമുള്ള മണ്ടൻ ന്യായങ്ങൾ നിരത്തിയാകും എടിഎം വിവരങ്ങൾ ചോദിക്കുക. ‘കോടീശ്വരൻ’ തന്റെ കാർഡിലെ വിവരങ്ങൾ ഒരു സംശയവും കൂടാതെ പറഞ്ഞുകൊടുക്കും. അൽപ സമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന് ഉള്ളതെല്ലാം പോകുന്നതോടെ മലർപ്പൊടിക്കാരൻ നിലതെറ്റിവീഴും.

MORE IN BUSINESS
SHOW MORE
Loading...
Loading...