പിഒഎസ് ടെർമിനലുകൾ വഴിയുള്ള ഇടപാടുകള്‍ കൂടുന്നു; റിപ്പോർട്ട് പുറത്ത്

പണം പിന്‍വലിക്കുന്നതിനായി എടിഎം മെഷിനുകളില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുറയുന്നു. അതേ സമയം   പിഒഎസ് ടെര്‍മിനലുകള്‍ വഴി ഇടപാടുകള്‍  നടത്തുന്നതിനായി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുത്തനെ കൂടുകയും ചെയ്തു

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഡെബിറ്റ് കാര്‍ഡുകളുടെ ആകെ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും പിഒഎസ് ടെര്‍മിനലുകളില്‍ ഉപയോഗിച്ചുവെന്ന കണക്കുകളാണ് ആര്‍ബിഐ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ഡെബിറ്റ് കാര്‍ഡ്  66 ശതമാനം തവണ ഉപയോഗിച്ചത് എടിഎം മെഷിനുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ്. 34 ശതമാനം തവണ ഉപയോഗിച്ചത് സ്വൈപ്പിംഗ് മെഷിനുകളിലാണ്. 

ഏപ്രില്‍ മാസത്തില്‍ 80 കോടി തവണയാണ് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചത്.ഇതിന് മുമ്പ് പിഒഎസ് ടെര്‍മിനലുകള്‍ വഴിയുളള ഇടപാട് വര്‍ധിച്ചത് 2016ല്‍ നോട്ട് നിരോധിച്ചതിന് ശേഷമുളള മാസം മാത്രമാണ്. അന്ന് എടിഎമ്മുകളില്‍ പണം ഇല്ലാത്തതുകൊണ്ടായിരുന്നു എടിഎം മെഷിനുകളില്‍ ഡെബിറ്റ് കാര്‍ഡിന്‍റെ ഉപയോഗം കുറഞ്ഞത്. കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് ഡെബിറ്റ് കാര്‍ഡുകള്‍ പിഒഎസ് ടെര്‍മിനലുകളില്‍ ഉപയോഗിക്കുന്നത് വര്‍ധിച്ച് തുടങ്ങിയത്. മാര്‍ച്ചില്‍ സ്വൈപ്പിംഗ് മെഷിനുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചത് 31.4 ശതമാനം ആണ് . 

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് 2021ഓടുകൂടി പിഒഎസ് മെഷിന്‍ അധിഷ്ഠിത ഇടപാടുകള്‍ 44 ശതമാനമാക്കി ഉയര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യം. നിലവില്‍ രാജ്യത്ത് 37.5 ലക്ഷം പിഒഎസ് മെഷിനുകളാണ് പൊതു മേഖല സ്വകാര്യ മേഖലാ ബാങ്കുകള്‍ ചേര്‍ന്ന് സ്ഥാപിച്ചിട്ടുളളത്.2016 മുതല്‍ പിഒഎസ് മെഷിനുകള്‍ സ്ഥാപിക്കുന്നതിലെ വാര്‍ഷിക വളര്‍ച്ച 39 ശതമാനമാണ്. എന്നാല്‍ ഇക്കാലയളവില്‍ ആകെ 7000 എടിഎമ്മുകള്‍ മാത്രമാണ് പുതിയതായി ബാങ്കുകള്‍ സ്ഥാപിച്ചത്