ചുവപ്പുനാടകളുടെ കാലം കഴിഞ്ഞു; ചുവപ്പു പരവതാനിയുടെ കാലം: പ്രധാനമന്ത്രി

mod-at-korea
SHARE

ഇന്ത്യ ഏറെ താമസിയാതെ അഞ്ചുലക്ഷം കോടി ഡോളര്‍ സാമ്പത്തിക സ്ഥിതിയുള്ള രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ കൊറിയക്കാരെ അദ്ദേഹം സ്വാഗതം ചെയ്തു.  

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വളരെ ഭദ്രമാണെന്നും സമ്പദ്‌വ്യവസ്ഥ ഇരട്ടിയായി വളരുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. കൊറിയന്‍ റിപ്പബ്ലിക്കില്‍ സന്ദര്‍ശനം നടത്തവെ ബിസിനസ് സിമ്പോസിയത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹ്ം. ലോകത്ത് ഒരു രാജ്യവും ഏഴു ശതമാനം വളര്‍‌ച്ച കൈവരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച ഏഴ് ശതമാനത്തിനും മുകളിലാണ്. 

ഹ്യുണ്ടായ്, സാംസങ്, എല്‍ജി ഉള്‍പ്പെടെ അറുനൂറിലേറെ കൊറിയന്‍ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കൊറിയന്‍ കമ്പനികള്‍ വരണമെന്നാണ് തന്റെ ആഗ്രമെന്ന് നരേന്ദ്ര മോദി പറഞ്ഞു. കാര്‍ നിര്‍മാതാക്കളായ കിയ ഉടന്‍ തന്നെ നിക്ഷേപം നടത്തും. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കൊറിയക്കാര്‍ക്ക്, ഇന്ത്യയിലെത്തുമ്പോള്‍ തന്നെ വിസ ലഭ്യമാക്കുന്ന വിസ ഓണ്‍ അറൈവല്‍ നടപ്പാക്കിക്കഴിഞ്ഞു. 

ജിഎസ്ടി പോലുള്ള പുരോഗമനപരമായ നടപടികളിലൂടെ, ബിസിനസിന് അനുകൂലമായ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എഴുപത്തിയേഴാം സ്ഥാനത്തുനിന്ന് അറുപത്തിയഞ്ചാം സ്ഥാനത്തേക്ക് രാജ്യം എത്തിക്കഴിഞ്ഞു. അടുത്ത കൊല്ലം ആദ്യ 50 രാജ്യങ്ങളോടൊപ്പം ഇന്ത്യയുമുണ്ടാകുമെന്ന് മോദി പറഞ്ഞു. അനുമതികള്‍ ലഭ്യമാക്കേണ്ട വിഭാഗങ്ങളില‍് 90 ശതമാനവും ഓട്ടോമാറ്റിക് സംവിധാനമായി. 

ഇതിന്റെ ഫലമായി കഴിഞ്ഞ നാലുകൊല്ലത്തിനിടെ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്കെത്തിയത്. രാജ്യത്ത് ചുവപ്പുനാടകളുടെ കാലം കഴിഞ്ഞെന്നും നിക്ഷേപകര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുന്ന കാലമായെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കൊറിയയുടെ ആദ്യ പത്ത് വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ കൊല്ലം 2,100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്.

MORE IN BUSINESS
SHOW MORE