കെഎൽ–01 സികെ 1, 35 ലക്ഷത്തിന്റെ റെക്കോർഡ് നമ്പർ!

porshe
SHARE

‘കെഎൽ–01 സികെ 1’ ഇനി ഫാൻസി നമ്പറുകളിലെ രാജാവ്! വാഹന റജിസ്ട്രേഷൻ നമ്പറുകളുടെ ലേലത്തുകയിലെ റെക്കോർഡ് ഈ നമ്പറിലൂടെ വീണ്ടും തലസ്ഥാന ജില്ലയ്ക്കു സ്വന്തം. ഇഷ്ടവാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്. ബാലഗോപാൽ 31 ലക്ഷം രൂപ അടച്ച് ഇത്തവണ തകർത്തത് 2017 ലെ ലേലത്തിലെ 18 ലക്ഷമെന്ന സ്വന്തം റെക്കോർഡ് തന്നെ. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള രണ്ടു ഫാൻസി നമ്പരുകൾക്ക് ഇദ്ദേഹം ഉടമയായി. ഒരുപക്ഷേ രാജ്യത്തു തന്നെ ഏറ്റവും കൂടിയ ലേലത്തുകയായിരിക്കും ഇതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2012 ൽ 26 ലക്ഷം രൂപയ്ക്കാണ് 0001 എന്ന നമ്പർ ഹരിയാനയിൽ ഒരു എസ്–ക്ലാസ് മെഴ്സിഡീസ് ബെൻസ് ഉടമ സ്വന്തമാക്കിയത്

തിരുവനന്തപുരം ആർടി ഓഫിസിൽ നടന്ന ലേലത്തിലാണ് തന്റെ പോർഷെ 718 ബോക്സ്റ്റർ എന്ന സ്പോർട്സ് കാറിന്റെ നമ്പറിനായി ദേവി ഫാർമ എംഡി ബാലഗോപാൽ മോഹവില നൽകിയത്. 1.2 കോടി രൂപയാണു വാഹനത്തിന്റെ എക്സ്–ഷോറൂം വില. മൂന്നു പേർ ലേലത്തിൽ പങ്കെടുത്തു. 500 രൂപയിൽ ആരംഭിച്ച ലേലം ഏഴു റൗണ്ടിനകം 30 ലക്ഷത്തിലെത്തി. ഒരാൾ 10.5 ലക്ഷമെത്തിയപ്പോൾ പിൻവാങ്ങി. ബാലഗോപാൽ 25 ലക്ഷം വിളിച്ചപ്പോൾ, രണ്ടാമത്തെയാൾ 500 രൂപ കൂട്ടി. അടുത്ത നിമിഷം ബാലഗോപാൽ നേരെ ചാടിയതു 30 ലക്ഷത്തിലേക്ക്! ഒന്നാം നമ്പറായതിനാൽ ഒരു ലക്ഷം രൂപ മുൻകൂറായി അടച്ചിരുന്നു

2017 ൽ തന്റെ ലാൻഡ്ക്രൂസറിനു വേണ്ടി 'കെഎൽ 01 സിബി 1' എന്ന നമ്പറിനാണു 18 ലക്ഷം രൂപ മുടക്കിയത്. അന്ന് 50,000 രൂപയിൽ തുടങ്ങിയ ലേലം 13 ലക്ഷത്തിൽ എത്തിയതോടെ എതിരാളികൾ പിൻമാറി. ഈ തുകയ്ക്കു ബാലഗോപാലിനു നമ്പർ നേടാമായിരുന്നെങ്കിലും അഞ്ചുലക്ഷം രൂപ കൂട്ടിവിളിച്ചു സംസ്ഥാന റെക്കോർഡും സ്വന്തമാക്കുകയായിരുന്നു

ഫാൻസി നമ്പറുകളോടു പണ്ടേ ഹരമുള്ള ബാലഗോപാൽ 2004 ൽ മൂന്നുലക്ഷം രൂപ മുടക്കി കെ.എൽ 01 AK 1 എന്ന നമ്പർ സ്വന്തമാക്കിയതും ശ്രദ്ധ നേടിയിരുന്നു. അൻപതോളം വാഹനങ്ങൾക്ക് ഒന്നാം നമ്പർ വലിയ തുക മുടക്കി സ്വന്തമാക്കിയിട്ടുണ്ട്. ബാലഗോപാലിന്റെ മൊബൈൽ നമ്പറുകളും ഫാൻസി നമ്പറുകളാണ്. 31 ഫാൻസി നമ്പറുകളാണ് ഇന്നലെ തിരുവനന്തപുരം ആർടിഒയിൽ ലേലം ചെയ്തത്. ഇതിൽ നിന്നു 37.31 ലക്ഷം രൂപ ലഭിച്ചു

MORE IN BUSINESS
SHOW MORE