ഇന്ദ്ര നൂയി ലോക ബാങ്ക് തലപ്പത്തേക്ക് സാധ്യത; നിര്‍ദേശം ഇവാന്‍ക ട്രംപിന്റത്

indra-nooyi-ivanka
SHARE

പെപ്സികോയുടെ മുന്‍ മേധാവിയും ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് നൂയിയുടെ പേര് നിര്‍ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസാണ് വെളിപ്പെടുത്തിയത്. 

കഴിഞ്ഞ രണ്ടുകൊല്ലമായി ലോക ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന  ഇവാന്‍ക ട്രംപിന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാന സ്ഥാനമാണുള്ളത്. ഇവാന്‍കയുമായി ഏറെ നാളത്തെ ബന്ധമുണ്ട് ഇന്ദ്ര നൂയിക്ക്. പ്രതിസന്ധികളില്‍ പ്രോല്‍സാഹനവുമായെത്തുന്ന നൂയിയെ തന്റെ വഴികാട്ടിയായാണ് കാണുന്നതെന്ന് ഇവാന്‍ക ട്വീറ്റു ചെയ്തു. 

സോഫ്റ്റ് ഡ്രിങ്ക് രംഗത്തെ പ്രമുഖരായ പെപ്സികോയെ  12 കൊല്ലം നയിച്ചശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് നൂയി പടിയിറങ്ങിയത്. അതിനുശേഷം ട്രംപിന്റെ ബിസിനസ് കൗണ്‍സിലില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ലോക ബാങ്ക് തലവനെ തീരുമാനിക്കുന്നത് ബാങ്ക് ബോര്‍ഡാണെങ്കിലും കാലങ്ങളായി അമേരിക്കന്‍ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നയാളാണ് ആ സ്ഥാനത്തെത്തുക. 

ഇതുതന്നെ ഇന്ദ്ര നൂയിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അമേരിക്കയുടെ രാജ്യാന്തര കാര്യങ്ങള്‍ക്കുള്ള ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് മാല്‍പാസ്, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ പ്രസിഡന്റ് റേ വാഷ്ബേണ്‍ എന്നിവരാണ് സാധ്യതാ ലിസ്റ്റിലുള്ള മറ്റു രണ്ടുപേര്‍. 

നിലവിലെ ലോക ബാങ്ക് തലവന്‍ ജിം യോങ് കിം ഈ മാസമാദ്യം രാജി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നായിരുന്നു തലപ്പത്ത് ഒഴിവുവന്നത്. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ബാക്കിയിരിക്കെയാണ് കിം രാജി പ്രഖ്യാപിച്ചത്. 

MORE IN BUSINESS
SHOW MORE