ജെഫ് ബിസോസിന്റെ വിവാഹ മോചനം; ആമസോണ്‍ ഓഹരിയുടെ വിലയിടിഞ്ഞു

AWARDS-OSCARS/VANITYFAIR
SHARE

ജെഫ് ബിസോസിന്റെ ദാമ്പത്യം വേര്‍പെടുത്തല്‍ പ്രഖ്യാപനത്തില്‍ ആശങ്കാകുലരായി ആമസോണ്‍ ഓഹരിയുടമകള്‍. ഭാര്യ മക് കെന്‍സിയുമായുള്ള ഇരുപത്തിയഞ്ച് വര്‍ഷത്തെ ബന്ധം പിരിയുന്നതോടെ, ആമസോണില്‍ ബിസോസിനുള്ള ഓഹരി പങ്കാളിത്തം കുറയുമോയെന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. കമ്പനിയുടെ ഭാവി വികസന പരിപാടികള്‍ അവതാളത്തിലാകുമെന്ന് ഭയക്കുന്നവരുമുണ്ട്. 

മക് കെന്‍സിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി ഇന്നലെ ട്വിറ്ററിലൂടെയാണ് ജെഫ് ബിസോസ് പ്രഖ്യാപിച്ചത്. ഇതോടെ വാള്‍ സ്ട്രീറ്റില്‍ ആമസോണ്‍ ഓഹരിക്ക് അര ശതമാനം വില കുറഞ്ഞു.  ധനികരുടെ ഫോബ്സ് പട്ടികയില്‍ ഒന്നാമനായ ബിസോസിന് പതിമൂവായിരത്തി അറുനൂറ് കോടി ഡോളറിന്റെ സ്വത്താണുള്ളത്. 

എണ്‍പത്തിയോരായിരം കോടി ഡോളറിലധികം വിപണി മൂല്യമുള്ള ആമസോണിന്റെ പതിനാറ് ശതമാനം ഉടമസ്ഥാവകാശവും. ഇരുവരും ഇപ്പോള്‍ താമസിക്കുന്ന വാഷിങ്ടണിലെ വിവാഹ മോചന നിയമമനുസരിച്ച് വിവാഹശേഷമുണ്ടാക്കിയ സ്വത്ത് പങ്കാളികള്‍ തുല്യമായി വീതിക്കണം. 

ആമസോണ്‍ തുടങ്ങുന്നതിനുമുന്‍പ്, ബിസോസും മക് കെന്‍സിയും ഒരുമിച്ച് ജോലി ചെയ്തിടത്തുവച്ചായിരുന്നു വിവാഹം. അതായത്, ആമസോണിലെ ബിസോസിന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതിക്ക് മക് കെന്‍സിക്ക് അര്‍ഹതയുണ്ട്. 

ആമസോണിലെ ബിസോസിന്റെ പതിനാറ് ശതമാനം പങ്കാളിത്തം എട്ടുശതമാനമായി കുറയുന്നതോടെ കമ്പനിയുടെ തലപ്പത്ത് മാറ്റങ്ങള്‍ വന്നേക്കാമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. ഇത് ആമസോണിന്റെ ഇപ്പോഴത്തെ വളര്‍ച്ചയെ ബാധിക്കുമെന്നും നിക്ഷേപകര്‍ കരുതുന്നു. 

അതേസമയം, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലും ദമ്പതികള്‍ക്ക് വീടുകളുള്ളതിനാല്‍, നിയമം കര്‍ക്കശമല്ലാത്തയിടത്ത് വിവാഹമോചനക്കേസ് ഫയല്‍ ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നുമുണ്ട്.

MORE IN BUSINESS
SHOW MORE