പുതിയ ആർബിഐ ഗവർണറുടെ ‘ശക്തി’ അറിയാൻ ഗൂഗിളിൽ പരതി സോഷ്യൽമീഡിയ

Shaktikanta-Das
SHARE

ഒരു കാലത്ത് പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കുന്ന ഒരാൾക്കു മാത്രമേ റിസവർവ് ബാങ്ക് ഓഫ് ഇന്ത്യയുെട ഗവർണർ ആരെന്ന ചോദ്യത്തിനു ഉത്തരം പറയാനാകുമായിരുന്നുള്ളൂ. ഇന്ന് കഥ മാറി. ഏതൊരാൾക്കും ആർബിഐ ഗവർണറുടെ പേര് നാവിൻ തുമ്പിലുണ്ടാകും. നോട്ട് നിരോധനം പോലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ വാർത്തകളിൽ നിറയുമ്പോൾ അതോടൊപ്പം ചേർത്തു പറയുന്ന പേരുകളായിരിക്കും ആർബിഐ ഗവർണറുടേതും. ഗവർണറായിരുന്ന ഉർജിത് പട്ടേൽ പടിയിറങ്ങിയതോടെയാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്.  

വൈകിയില്ല. പേര് കേട്ടയുടൻ എല്ലാവരും ഗൂഗിളിൽ പരതി. കക്ഷി ആരാണ്, എന്താണ്, എവിടുന്നു വരുന്നു തുടങ്ങിയ കാര്യങ്ങളറിയാൻ കീ ബോർഡുകളിൽ വിരലുകൾ പാഞ്ഞു. ഒടുവിൽ വിശദാംശങ്ങൾ ചികഞ്ഞെടുത്തു. പേര് അത്ര പരിചിതമല്ലെങ്കിലും പലർക്കും അദ്ദേഹത്തിന്റെ മുഖം ഓർമയുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല, നോട്ടുനിരോധനം തന്നെ. നോട്ടുനിരോധനത്തെ ന്യായീകരിച്ച് സർക്കാരിനു വേണ്ടി നിരന്തരം വാർത്താസമ്മേളനത്തിൽ വന്നു കൊണ്ടിരുന്നത് ഇദ്ദേഹമായിരുന്നു. അന്ന് സാമ്പത്തിക കാര്യ സെക്രട്ടറി പദവിയിലായിരുന്നു ശക്തികാന്ത. അക്കാലത്തെ ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ വീണ്ടും ചിക‍ഞ്ഞെടുത്ത് പുറത്തെത്തിക്കാനും സോഷ്യൽ ലോകം മറന്നില്ല. 

ഇദ്ദേഹത്തിന്റെ യോഗ്യതകളും പശ്ചാത്തലവും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ചിലർ പ്രശംസിക്കുമ്പോൾ കുറവുകൾ എടുത്തുന്നവരാണ് ഏറെ. ബിസിനസിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമില്ലെന്നാണ് ചിലരുടെ വിമർശനം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദമാണ് ഇദ്ദേഹത്തിന്റെ യോഗ്യതയെന്നു ചിലർ ട്വറ്ററിൽ കുറിച്ചു. 

വിമർശനം ബിജെപിയിൽ നിന്നു തന്നെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ശക്തികാന്തദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെ നിയമനത്തിനെതിരെ എതിര്‍പ്പും ഉയര്‍ന്നു. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും നിയമനത്തെ വിമര്‍ശിച്ചു. 

ശക്തികാന്തദാസിന്റെ നിയമനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും കേസുകളില്‍ സഹായിക്കുകയും ചെയ്ത വ്യക്തിയെ എന്തുകൊണ്ടാണ് പരമപ്രധാനമായ പദവിയില്‍ നിയമിച്ചതെന്നറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സാമ്പത്തിക വിദഗ്ധനല്ലാത്ത, വെറും ഉദ്യോഗസ്ഥനായ, നോട്ട് നിരോധനത്തെ പിന്തുണച്ച ശക്തികാന്തദാസിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി പറയുന്നതിനനുസരിച്ചാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയായ ദാസ് ഒൗദ്യോഗികകാലം മുഴുവന്‍ ധനകാര്യമാനേജ്മെന്റ് രംഗത്താണ് പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ്കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിയമനത്തെ പ്രതിരോധിച്ചത്. അതേസമയം, റിസര്‍വ് ബാങ്കിന്റെ ഇരുപത്തിയഞ്ചാം ഗവര്‍ണറായി ചുമതയേറ്റ വിവരം ട്വീറ്റിലൂടെ അറിയിച്ച  ശക്തികാന്തദാസ് ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു. 

MORE IN BUSINESS
SHOW MORE