ചരക്കുസേവനനികുതി ഭേദഗതി നിയമം പാസായി; ചെറുകിട വ്യാപാരികൾക്ക് ആശ്വാസം

gst
SHARE

ചെറുകിട വ്യാപാരി–വ്യവസായികള്‍ക്ക് ആശ്വാസമായി  ചരക്കുസേവനനികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൗണ്ടിങ് സമ്പ്രദായത്തില്‍ നികുതിയടയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് ഭേദഗതി. നികുതിയും പിഴയും നല്‍കാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള സമയപരിധി ഏഴുദിവസത്തില്‍ നിന്ന് 14 ദിവസമായി ദീര്‍ഘിപ്പിക്കുകയും ചെയ്തു.

കേന്ദ്ര ചരക്കുസേവനനികുതി ഭേദഗതിക്ക് തുല്യമായ മാറ്റമാണ് സംസ്ഥാനത്തും വരുത്തിയിരിക്കുന്നത്. ആകെ വിറ്റുവരവിന്റെ പത്തുശതമാനം വരെ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരികള്‍ക്കും കോമ്പൗണ്ടിങ് അനുവദിക്കുന്നതാണ് നിയമഭേദഗതി. ഇത് ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമായി. ഇതുവഴി വ്യാപാരികളുടെ ശാഖകള്‍ക്കും പ്രത്യേക ജി.എസ്.ടി റജിസ്ട്രേഷന്‍ ലഭിക്കും. പ്രത്യേക സാമ്പത്തികമേഖലയില്‍ വ്യാപാരം നടത്തുന്നവര്‍ പ്രത്യേകം റജിസ്ട്രേഷന്‍ എടുക്കണം. ഭേദഗതി വഴി പ്രത്യേക സാഹചര്യങ്ങളില്‍ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരം റജിസ്ട്രേഷന്‍ അധികാരികള്‍ക്ക് ലഭിച്ചു. റിട്ടേണുകളുടെ കാര്യത്തിലും കാതലായ മാറ്റമുണ്ട്. എല്ലാ ഇ–കൊമേഴ്സ് ഓപ്പറേറ്റര്‍മാരും ഇനി റജിസ്ട്രേഷന്‍ എടുക്കേണ്ട. 

ഉറവിടനികുതി പിരിക്കുന്ന ഇ കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ മാത്രം റജിസ്ട്രേഷന്‍ എടുത്താല്‍ മതി. ജോബ് വര്‍ക്കിന് നല്‍കുന്ന ഉല്‍പന്നങ്ങളില്‍ സാധാരണ ഉല്‍പന്നങ്ങള്‍ ഒരുവര്‍ഷത്തിനകവും മൂലധന ഉല്‍പന്നങ്ങള്‍ മൂന്ന് വര്‍ഷത്തിനകവും ജോലി പൂര്‍ത്തീകരിച്ച് നല്‍കണമെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. ഈ പരിധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഇനിമുതല്‍ കമ്മീഷണര്‍ക്ക് അധികാരമുണ്ടാകും. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാറ്റങ്ങള്‍ നിലവില്‍ വരുന്ന തീയതി സംബന്ധിച്ചുള്ള വിജ്ഞാപനങ്ങള്‍ സര്‍ക്കാര്‍ ഇറക്കും. ഈ മാസം തന്നെ നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

MORE IN BUSINESS
SHOW MORE