സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോർട്ട്; വാഹന വില്‍പനയും കുറഞ്ഞു

RBI-interest-rate--Roopa-dollar
SHARE

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യപാദത്തില്‍ എട്ടു ശതമാനത്തിനു മുകളിലായിരുന്ന വളര്‍ച്ച, താഴേക്കുപതിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടുചെയ്യുന്നു.  

രാജ്യത്തെ മൊത്ത ഉപഭോഗം കുറഞ്ഞതിനാലാണ് സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കുമെന്ന് ബ്ലൂംബെര്‍ഗ് പറയുന്നത്. ഇതിന് ബ്ലൂംബെര്‍ഗ് നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ സേവന മേഖലാ സൂചികയുടെ വളര്‍ച്ച മന്ദഗതിയിലായി. ധനകാര്യ, ഇന്‍ഷുറന്‍സ്, ബിസിനസ് മേഖലകളിലെല്ലാം വളര്‍ച്ച കുറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരോല്‍പാദനത്തിന്റെ 55 ശതമാനവും സംഭാവനചെയ്യുന്നത് സേവന മേഖലയാണ്. രണ്ടാമതായി, എണ്ണ വില വര്‍ധനമൂലവും രൂപയുടെ മൂല്യം ഇടിയുന്നതിനാലും വിലക്കയറ്റത്തിനുള്ള സാഹചര്യമൊരുങ്ങി. 

നാണ്യപ്പെരുപ്പം നാലു ശതമാനത്തിനുമുകളിലേക്ക് പോകാനാണ് സാധ്യതയെന്ന് ബ്ലൂംബെര്‍ഗ് പറയുന്നു. മൂന്നാമതായി രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി അതേപടി നിലനിന്നപ്പോള്‍, ഉല്‍സവകാല ഡിമാന്‍ഡില്‍, ഇറക്കുമതി ഗണ്യമായി കൂടി. നാലാമതായി, ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ നിര്‍മാതാക്കളുടെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ വാഹന വില്‍പന ഇടിഞ്ഞു. വായ്പകളുടെ ബാധ്യത കൂടിയതും, ഇന്ധന വിലവര്‍ധനയും ഇന്‍ഷുറന്‍സിന് ചെലവേറിയതുമാണ് കാരണങ്ങള്‍. 

ബാങ്കുകളുടെ വായ്പാവിതരണം ഓഗസ്റ്റില്‍ പതിമൂന്നര ശതമാനമായിരുന്നത് സെപ്റ്റംബറില്‍ പന്ത്രണ്ടര ശതമാനമായി കുറഞ്ഞു. അഞ്ചാമതായി വിദേശത്തുനിന്ന് നേരിട്ടുള്ള നിക്ഷേപം ഓഗസ്റ്റില്‍ ഗണ്യമായി കുറഞ്ഞു. അമേരിക്ക ചൈന വ്യാപാര യുദ്ധത്തിനുപുറമെ അടുത്ത കൊല്ലം പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നയ രൂപീകരണങ്ങള്‍ അനകൂലമായേക്കില്ലെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. ആറാമതായി, അടിസ്ഥാന സൗകര്യ വികസനമേഖലയിലെ വ്യവസായങ്ങളുടെ വളര്‍ച്ച ഓഗസ്റ്റില്‍ കുറഞ്ഞു. വ്യാവസായികോല്‍പാദനം ഓഗസ്റ്റില്‍ 4.3 ശതമാനമായി ഇടിയുകയായിരുന്നു. 

MORE IN BUSINESS
SHOW MORE