രാജ്യവ്യാപകമായി ജി.എസ്.ടിക്കു മേല്‍ സെസ് ചുമത്തുന്നത് വൈകിയേക്കും

gst
SHARE

പ്രളയക്കെടുതിയില്‍പ്പെട്ട സംസ്ഥാനത്തിന് ധനസഹായം നല്‍കാന്‍ രാജ്യവ്യാപകമായി ജി.എസ്.ടിക്കു മേല്‍ സെസ് ചുമത്തുന്നത് വൈകിയേക്കും. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിച്ചാലും മന്ത്രിതല സമിതിക്ക് വിടും. പുകയില ഉല്‍പന്നങ്ങള്‍ക്ക് മേല്‍ സെസ് ചുമത്തുന്നതാണ് പരിഗണിക്കുന്നത്.

ജി.എസ്.ടിക്കുമേല്‍ പത്തുശതമാനം സെസ് ചുമത്താനായിരുന്നു സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് പകരം രാജ്യവ്യാപകമായി സെസ് ചുമത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതിനുള്ള നിര്‍ദേശം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. കൗണ്‍സില്‍ അംഗീകരിച്ചാലും നിര്‍ദേശം മന്ത്രിതലസമിതിക്ക് വിടും. എത്ര ശതമാനം സെസ് പിരിക്കണം, ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ ചുമത്തണം, എത്രവര്‍ഷത്തേക്ക് പിരിക്കണം എന്നീ കാര്യങ്ങള്‍ മന്ത്രിതലസമിതി തീരുമാനിക്കും. 

മന്ത്രിതലസമിതിയെടുക്കുന്ന തീരുമാനം പിന്നീട് ചേരുന്ന കൗണ്‍സില്‍ യോഗം അംഗീകരിക്കും. ചുരുങ്ങിയത് രണ്ടുമാസമെങ്കിലും ഈ നടപടിക്രമങ്ങള്‍ക്ക് വേണ്ടിവരും. 2000 കോടിരൂപയെങ്കിലും ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേന്ദ്രസര്‍ക്കാര്‍ മാസംതോറും നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെയായിരിക്കും ഈ തുകയെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

 ജി.എസ്.ടിക്കുമേല്‍ സംസ്ഥാനം തീരുമാനിച്ച സെസിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നെങ്കില്‍ അത് കീഴ്‌വഴക്കമായി മാറുമായിരുന്നു. ഭാവിയിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ സംസ്ഥാനത്തിന് സെസ് ചുമത്താം. ഈ കീഴ്‌വഴക്കം ഒഴിവാക്കാനാണ് കേരളം ചുമത്തുന്ന സെസിന് അനുമതി നല്‍കാതെ രാജ്യവ്യാപകമായി പിരിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചത്.

MORE IN BUSINESS
SHOW MORE