കേരളത്തിനായി പ്രത്യേക നികുതി പരിഗണിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍

gst-council-t
SHARE

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സാമ്പത്തിക സഹായമെത്തിക്കുന്നതിനായി പ്രത്യേക നികുതിയോ സെസോ ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണിത്. പ്രത്യേക നികുതിയോ സെസോ ഏര്‍പ്പെടുത്താന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. 

2017 ജൂലൈയില്‍ ജിഎസ്ടി നിലവില്‍ വന്നശേഷം ഇതാദ്യമായാണ് പ്രത്യേക നികുതിയോ സെസോ ഏര്‍പ്പെടുത്തുന്നത് കൗണ്‍സില്‍ പരിഗണിക്കുന്നത്. ഇക്കാര്യമുന്നയിച്ച് ജിഎസ്ടി കൗണ്‍സിലിനെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ 28 ശതമാനമാണ് ഉയര്‍ന്ന നികുതി പരിധിയെങ്കിലും 40 ശതമാനം വരെ നികുതിയീടാക്കാന്‍ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. 279 എ വകുപ്പുപ്രകാരമാണിത്. അതേസമയം, 15 ശതമാനമാണ് പരമാവധി സെസ് ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നത്. 

എന്നാല്‍ ജിഎസ്ടിയിലേക്ക് മാറുന്നതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന റവന്യൂ നഷ്ടം നികത്താനല്ലാതെ എങ്ങനെ സെസ് ഏര്‍പ്പെടുത്താനാകുമെന്നതില്‍ വ്യക്തതയില്ല. കരിമ്പ് കര്‍ഷകരുടെ ബാധ്യതകള്‍ പരിഹരിക്കുന്നതിനായി സെസ് ഏര്‍പ്പെടുത്തി വരുമാനം കണ്ടെത്താനുള്ള നിര്‍ദേശം അടുത്തിടെ മുന്നോട്ടുവച്ചെങ്കിലും തീരുമാനമൊന്നുമായില്ല. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ അഭിപ്രായമൊന്നുമറിയിക്കാത്തതാണ് കാരണം. ‍‍

അതേസമയം, ജിഎസ്ടി ചട്ടക്കൂടിനെ തകര്‍ക്കുന്ന തരത്തിലുള്ള നികുതിയേര്‍പ്പെടുത്തുന്നതിനെ സാമ്പത്തിക വിദഗ്ധര്‍ എതിര്‍ക്കുകയാണ്. മറ്റു സംസ്ഥാനങ്ങളും സമാനരീതിയില്‍ ആവശ്യങ്ങളുന്നയിച്ചാല്‍, നികുതി വ്യവസ്ഥ പ്രതിസന്ധിയിലാകുമെന്നും വാദമുണ്ട്. അധിക വരുമാനം കണ്ടെത്താനായി 10 ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

MORE IN BUSINESS
SHOW MORE