ഇംഗ്ലണ്ട് ഫൈനലിലെത്തിയാൽ രണ്ടുണ്ട് കാര്യം

England
SHARE

ഇംഗ്ലണ്ട്, ലോകകപ്പ് ഫുട്ബോള്‍ ഫൈനലിലെത്തിയാല്‍ യുകെയുടെ സാമ്പത്തിക രംഗത്തിന് വന്‍ നേട്ടമാകുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ റിസര്‍ച്ച് സ്ഥാപനത്തിന്റെ പഠനപ്രകാരം 272 കോടി പൗണ്ടിന്റെ നേട്ടമാണ് ഇംഗ്ലണ്ടിനുണ്ടാകുക. 

സെന്‍റര്‍ ഓഫ് റീട്ടെയ്ല്‍ റിസേര്‍ച്ച് ആന്‍ഡ് വൗച്ചര്‍ കോഡ്സിന്റെ പഠന പ്രകാരം ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിലെ താമസക്കാര്‍ തന്നെയാണ് കളി കാണുന്നവരില്‍ കൂടുതല്‍. ഇംഗ്ലണ്ട് ഫൈനലിലുണ്ടെങ്കില്‍ 60 ശതമാനം ലണ്ടന്‍കാരും കളി കാണും. പബുകളിലും റെസ്റ്ററന്റുകളിലും കഫേകളിലും ക്ലബുകളിലുമായ് ചെലവഴിക്കപ്പെടുന്നത് 40 കോടി പൗണ്ടാണെന്ന് സര്‍വെയിലൂടെ വ്യക്തമാകുന്നു. എണ്‍പത്തിയാറ് ശതമാനംപേരും വീടുകളിലിരുന്നാകും കളികാണുക. അങ്ങനെയെങ്കില്‍ ആഹാരത്തിനും ബവ്റിജസിനുമായി ചെലവഴിക്കപ്പെടുക 112 കോടി പൗണ്ട്. ആതിഥ്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ബ്രിട്ടീഷുകാര്‍. 

ഫൈനല്‍ കാണാന്‍ അതിഥികളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ പൂന്തോട്ടം വൃത്തിയാക്കുന്നതിനും സല്‍ക്കാരത്തിനുമായി ആറുകോടി ഇരുപത് ലക്ഷം പൗണ്ടെങ്കിലും മുടക്കുമെന്ന് കണക്കാക്കുന്നു. ഷെഫീല്‍ഡിലെ താമസക്കാരില്‍ 43 ശതമാനം പേരും പബുകളിലോ ബാറുകളിലോ ക്ലബുകളിലോ ഇരുന്ന് കളികാണാനാണ് ആഗ്രഹിക്കുന്നത്.

അതേസമയം, 89 ശതമാനം നോര്‍വിച്ചുകാരും കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊത്ത് കളികാണാന്‍ ഇഷ്ടപ്പെടുന്നു.  ബ്രിട്ടീഷുകാര്‍ ഫൈനല്‍ ആസ്വദിക്കുന്നത് സ്വന്തം ടീമിന്റെ ജഴ്സിയണിഞ്ഞാവുമെന്ന് ഉറപ്പ്. അങ്ങനെയെങ്കില്‍ ആകെ കാണികളുടെ 17 ശതമാനമെങ്കിലും പുതിയ ജഴ്സിവാങ്ങും. ഇത്തരത്തില്‍ ഫൈനല്‍ ദിനത്തില്‍ ആകെ ചെലവഴിക്കപ്പെടുക 272 കോടി പൗണ്ട്. പൗണ്ടിന് 91 രൂപ 63 പൈസ കണക്കില്‍ രണ്ടുലക്ഷത്തി നാല്‍പത്തൊമ്പതിനായിരം കോടി രൂപ. 

MORE IN BUSINESS
SHOW MORE