സഹകരണ മേഖലയിലെ തേയില വിപ്ളവം

mk-sahya-t
SHARE

ഇടുക്കി ജില്ലയിയിലെ ചെറുകിട കര്‍ഷകരുടെ സ്വന്തം തേയില – സഹ്യ ടീ വിപണിയിലേക്ക്‌. വന്‍കിട സ്വകാര്യ തോട്ട ഉടമകളുടേയും വ്യവസായ പ്രമുഖരുടേയും തേയില വ്യവസായത്തിനിടയിലേക്ക്‌ സഹകരണ രംഗത്തു നിന്നാണ്‌ പുതിയ മുന്നേറ്റം.  തെയില വിലയില്‍ സ്ഥിരത കൊണ്ടുവരാനും ചെറുകിട തെയില കര്‍ഷകര്‍ക്ക്  കൈത്താങ്ങാവുകയുമാണ് സഹ്യയുടെ ലക്ഷ്യം.

ഇടുക്കിയിലെ സഹകരണ മേഖലയിലെ തെയില വിപ്ലവം. അതാണ് സഹ്യാ എന്ന തേയില ബ്രാന്‍ഡ്. ഇടുക്കി തങ്കമണി സഹകരണ ബാങ്കിന്റെ അമ്പലമേട്‌ തേയില ഫാക്‌ടറിയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന സഹ്യ ടീ   .  സഹകരണമേഖലയില്‍ ഒരുമാസ‌ം മാത്രം പ്രായമായ സംരംഭം.  കേന്ദ്ര ടീ ബോര്‍ഡിന്റെയും ജില്ലാ സഹകരണ ബാങ്കിന്റെയും തങ്കമണി സര്‍വീസ്‌ സഹകരണ ബാങ്കിന്റെയും സംയുക്ത സംരംഭമായി 9 കോടി രൂപ ചെലവിലാണ്‌ ഫാക്‌ടറി നിര്‍മിച്ചത്‌.

കൊളുന്ത് ശേഖരണം മുതല്‍ ഉല്‍പാദനവും വിപണനവും വരെ വ്യക്തമായ ചട്ടക്കൂടിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊളുന്ത് ശേഖരിക്കുന്നത് യന്ത്ര സഹായത്തോടെ . ഒരു ടി ഹാര്‍വസ്റ്റിങ്ങ് മെഷീനും പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട്പേരുമുണ്ടെങ്കില്‍ പ്രതിദിനം ശരാശരി ആയിരം കിലോവരെ കൊളുന്ത് ശേഖരിക്കാം.

20 വര്‍ഷം വരെ പ്രായമുള്ള തെയില ചെടികളാണ് സഹ്യയുടെ രുചി രഹസ്യം. ചെറുകിട തേയിലത്തോട്ടങ്ങളിലെ കീടനാശിനി പ്രയോഗവും കുറവാണ്. മികച്ച വിലയും, വിപണിയും തുറന്നു കിട്ടിയതോടെ ധാരാളം യുവാക്കളും പാട്ടത്തിനെടുത്ത തോട്ടങ്ങളില്‍ തെയില കൃഷി തുടങ്ങിയെന്നത് സഹ്യയുടെ പ്രധാന നേട്ടമാണ്.

1500 ചെറുകിട കര്‍ഷകരുടെ തെയിലയാണ് ഫാക്ടറി സ്വീകരിക്കുന്നത്. മുന്‍പ്  സീസണില്‍ മൂന്നും നാലും രൂപവരെയായി തെയിലക്കൊളുന്തിന് വിലയിടിഞ്ഞിരുന്ന സാഹചര്യത്തില്‍ 12 രൂപ നിശ്ചിതവില എല്ലാ സീസണിലും നല്‍കുമെന്ന് സഹ്യ  നിലപാടെടുത്തതോടെ    വന്‍കിട തേയില കമ്പനികളും  ഉയര്‍ന്നവിലയില്‍ തന്നെ കൊളുന്ത് ശേഖരിച്ചു. ഇത് ഇടുക്കി ജില്ലയിലെ   ഏഴായിരത്തോളം  ചെറുകിട തേയില കര്‍ഷകര്‍ക്ക് ആശ്വാസമായി.  ഹോള്‍ഡ് – തെയില കയറ്റി വിടുന്നത്

 ദിവസവും ഇരുപത്തിഅയ്യായിരം കിലോ   കൊളുന്ത് വരെ അരയ്ക്കാനുള്ള ആധുനിക യന്ത്ര സംവിധാനങ്ങളിവിടെയുണ്ട്. 45 പേരാണ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്. 250 ഒാളം ആളുകള്‍ക്ക് പരോക്ഷമായും ജോലി ലഭിച്ചു. ജോലിക്കാരെല്ലാം നാട്ടുകാര്‍ തന്നെയാണ്.  ദിവസവും 5000 കിലോ തെയില 8 ഇനങ്ങളിലായി ഉല്‍പാദിപ്പിക്കുന്നു.

ഇടുക്കി ജില്ലയിലെ സഹകരണ മേഖലയില്‍നിന്നുള്ള രണ്ടാമത്തെ തേയില ഫാക്ടറി കൂടിയാണ് സഹ്യ. എന്നാല്‍ ഉല്‍പാദനക്ഷമത കൊണ്ടും, വില  പിടിച്ചുനിര്‍ത്താന്‍ സ്വീകരിക്കുന്ന നിലപാടുകള്‍കൊണ്ടുമാണ് സഹ്യ ഈ രംഗത്ത് സ്ഥാനമുറപ്പിക്കുന്നത്.  

മാസം മുപ്പതുലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷ. വിവിധ അളവുകളിലുള്ള സഹ്യ ടീയുടെ പായ്‌ക്കറ്റുകള്‍  രാജ്യത്തുടനീളം വിപണികളിലേക്ക്‌ എത്തിക്കുന്നതിന് വേണ്ട സജീകരണങ്ങളും  ഒരുക്കിക്കഴിഞ്ഞു.  മികച്ച മാര്‍ക്കറ്റിങ്ങ് വിദഗ്ധരെ ഉപയോഗിച്ചാണ് വിപണിയിലേക്ക് ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. തേയില വിപണിയില്‍ കടുത്ത മല്‍സരം തീര്‍ത്ത് രാജ്യാന്തര ടി ബ്രാന്‍ഡായാണ് സഹ്യ വിപണിയിലെത്തുക..

MORE IN BUSINESS
SHOW MORE