കൂവക്കൃഷി: നഷ്ടപ്രതാപം വീണ്ടെടുത്ത് വീണ്ടുമെത്തുന്നു: സാധ്യതകള്‍

Thumb Image
SHARE

കുറച്ച് കാലങ്ങൾക്കു മുമ്പ് വരെ നമ്മുടെ നാട്ടിൽ ഭക്ഷണത്തിനും ഔഷധത്തിനും വേണ്ടി സജീവമായിരുന്ന ഒരു കൃഷിയുണ്ടായിരുന്നു. സമീപ കാലങ്ങളില്‍  കൃഷി കാഴ്ച്ചപ്പാടുകളില്‍ വന്ന മാറ്റം ഈ വിളയുടെ കൃഷിയെ പതുക്കെ അപ്രസക്തമാക്കി. ഇന്ന് തിരിച്ചു വരവിന്റെ പാതയിലുള്ള ആ വിളയെ കുറിച്ചാണ് നാട്ടുപച്ചയിൽ...

കൂവ ... പേരിലും വലുപ്പത്തിലും ചെറുതെങ്കിലും ഔഷധഗുണം കൊണ്ടും പോഷക സമൃദ്ധി കൊണ്ടും ഏറെ സമ്പന്നമായ കാർഷിക വിള. ശരീര ക്ഷീണമകറ്റാനും രോഗശമനത്തിനും പ്രതിരോധത്തിനുമെല്ലാം തലമുറകളുടെ ആശ്രയമായിരുന്നു കൂവ. 5000 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ കൂവയുടെ ഉപയോഗത്തെപറ്റിയും ഗുണങ്ങളെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആരോ റൂട്ട് എന്നറിയപ്പെടുന്ന കൂവക്ക് ആ പേര് വരാനും ഒരു കാരണമുണ്ട്. തെക്കേ അമേരിക്കയിലെ ആദിവാസികൾ അമ്പ് കൊണ്ടേൽക്കുന്ന മുറിവിലെ വിഷമകറ്റാനും മുറിവുണങ്ങാനും ഔഷധമായി കൂവയെ ഉപയോഗിച്ചിരുന്നത് കൊണ്ടാണത്രേ കൂവക്ക് ആരോ റൂട്ട് എന്ന പേര് വന്നത്. 

നമ്മുടെ നാട്ടിൽ ഭക്ഷ്യ ക്ഷാമവും ദാരിദ്ര്യവും രൂക്ഷമായിരുന്ന പതിറ്റാണ്ടുകൾക്ക് മുമ്പ് ദരിദ്രന്റെയും സമ്പന്നന്റെയും ആരോഗ്യം സംരക്ഷിച്ചിരുന്ന ഭഷ്യ വിഭവമായിരുന്നു ഈ കിഴങ്ങ്. ഒന്നോ രണ്ടോ തലമുറ പുറകോട്ട് പോയാൽ കൂവ കൊണ്ടുള്ള ഭക്ഷണം കഴിക്കാത്തവർ ആരുമുണ്ടാകില്ല. അക്കാലത്ത് പ്രകൃതിയുടെ ദാനം പോലെ തൊടിയിൽ താനേ വളർന്നു വരുമായിരുന്നു കൂവ. ആണി കൊണ്ട് ദ്വാരങ്ങളുണ്ടാക്കിയ തകിട് ഷീറ്റിൽ, കൈ കൊണ്ട് അരച്ചെടുക്കുന്ന പൾപ്പ് നിരവധി തവണ അരിച്ചെടുത്ത് ശേഖരിക്കുന്ന നൂറ്, വെയിലിൽ ഉണക്കിയെടുത്ത്, പഞ്ഞ മാസങ്ങളിലേക്ക് സംഭരിച്ചു വക്കുമായിരുന്നു നമ്മുടെ മുൻ തലമുറക്കാർ. തിരുവാതിര നോമ്പ് നോക്കുന്ന സ്ത്രീകൾ അക്കാലങ്ങളിൽ അരിയാഹാരത്തിന് പകരം കഴിച്ചിരുന്നതും കൂവ കൊണ്ടുള്ള ഭക്ഷണമായിരുന്നു.

കാലങ്ങൾ പിന്നിട്ടപ്പോൾ ഭക്ഷണ ശീലങ്ങളിൽ മാറ്റങ്ങൾ വന്നുതുടങ്ങിയപ്പോൾ പതിയെ മറ്റ് നാടൻ വിഭവങ്ങൾ പോലെ കൂവയും പിന്തള്ളപ്പെട്ടു. കൂടുതൽ ലാഭകരമായ കൃഷികൾ മാത്രമന്വേഷിച്ച കർഷകരും പതിയെ കൂവയെ മറന്നു. അപൂർവ്വമായി മാറിയ കൂവയെ തിരിച്ച് കൊണ്ടുവരാൻ ഏറെ ആഗ്രഹിച്ച, പരിശ്രമിച്ച ഒരു വ്യക്തിയുണ്ട്.... ഡോ. റഫീക്ക്.

മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂർ അകമ്പാടത്താണ് കാർഷിക കുടുംബത്തിൽ ജനിച്ച് വളർന്ന ഡോ. റഫീക്ക് സേവനമനുഷ്ഠിക്കുന്നത്. ചികൽസ തേടിയെത്തിയിരുന്നവരിൽ കൂടുതലും പ്രദേശത്തെ കർഷകരായിരുന്നു. ചികൽസയുടെ ഭാഗമായി ക്ഷീണമകറ്റാനുള്ള മരുന്ന് എഴുതുമ്പോൾ പലപ്പോഴും അവർ പറയും ...  ക്ഷീണമകറ്റാൻ മരുന്നൊന്നും വേണ്ട ഡോക്ടറെ ... അതിന് വീട്ടിൽ കൂവ പൊടിയുണ്ടെന്ന്. വിപണിയിൽ കാര്യമായ വിലയില്ലാത്തതു കൊണ്ടും , കൂവപ്പൊടി ഉണ്ടാക്കിയെടുക്കൽ ഏറെ ശ്രമകരമായതുകൊണ്ടും വീട്ടാവശ്യങ്ങൾക്ക് മാത്രമേ അന്ന് അവർ കൂവ കൃഷി ചെയ്യുന്നുണ്ടായിരുന്നുള്ളു. കൂവയുടെ പ്രാധാന്യം അറിയുമായിരുന്ന ഡോക്ടർ റഫീക്ക് , കൂവയെ തിരിച്ച് കൊണ്ടുവരാനുള്ള വഴികൾ ആലോചിച്ചു. കർഷകരുമായി കൃഷി വ്യാപകമാക്കുന്നതിനെകുറിച്ച് ചർച്ച ചെയ്തു.  ചർച്ചകൾക്കുമപ്പുറം സ്വന്തം കൃഷിയിടത്തിൽ കൂവ കൃഷി ചെയ്ത് പ്രദേശത്തെ കർഷകർക്ക് മാതൃകയും പ്രേരണയും ആയി ഡോക്ടർ റഫീക്ക് . ഒപ്പം കൂവപൊടി വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് അവതരിപ്പിക്കാൻ സ്വന്തമായി സംസ്കരണ നിർമാണ സ്ഥാപനവും തുടങ്ങി ഈ ഡോക്ടർ.

ഇനി കൂവയെ അല്‍പ്പം വിശദമായി മനസിലാക്കാം. ഒപ്പം കൃഷിക്ക് അനുയോജ്യമായ മണ്ണ്, കാലാവസ്ഥ, കൃഷിയുടെ സമയക്രമം, ശാസ്ത്രീയ രീതി എന്നിവ കൂടി  അറിയാം.

രണ്ട് തരം കൂവയാണ് പ്രധാനമായിട്ടുള്ളത്. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന, സ്വയം വളരുന്ന, ഇന്ത്യയുടെ സ്വന്തം തനി നാടൻ കൂവയാണ് ആദ്യ വിഭാഗം. നാടൻ കൂവയിൽ തന്നെ രണ്ടിനങ്ങൾ ഉണ്ട്. മഞ്ഞ കൂവയും, നീല കൂവയും. ഇഞ്ചി, മഞ്ഞൾ, കസ്തൂരി മഞ്ഞൾ തുടങ്ങിയ ചെടികൾ ഉൾപ്പെടുന്ന ജിഞ്ചിബ്രേഷിയ (gingeberacea) കുടുംബത്തിൽ പെടുന്ന ഇനമാണ് നാടൻ കൂവ. തെക്കേ ആമേരിക്കയിലെ ആമസോൺ പ്രദേശങ്ങളാണ് രണ്ടാം വിഭാഗമായ വെള്ള കൂവയുടെ സ്വന്തം സ്ഥലം. ബ്രട്ടീഷുകാർ ഇന്ത്യയിൽ കൊണ്ടുവന്ന് വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയ വെള്ള കൂവ എന്ന ആരോറൂട്ട്, ബിലാത്തി കൂവ എന്നുമറിയപ്പെടുന്നു. മറാൻഡേഷിയ കുടുംബമാണ് വെള്ള കൂവ . 

അൽപ്പം തടിച്ച് ഉരുണ്ടാകൃതിയിൽ ഇരിക്കുന്ന നാടൻ കൂവ തനിയേ വളരുന്ന പ്രകൃതമാണ്. മഞ്ഞ കൂവ മുറിച്ചാൽ നല്ല മഞ്ഞ നിറവും നീല കൂവ മുറിച്ചാൽ വെള്ളയിൽ അൽപം നീല കലർന്ന നിറവുമായിരിക്കും. ഔഷധ ഗുണവും പോഷക ഗുണവും കൂടുതൽ നാടൻ കൂവക്ക് സ്വന്തം. എന്നാൽ വെള്ള കൂവയാകട്ടെ, കിഴങ്ങ് വെള്ള നിറത്തോട് കൂടി കാരറ്റ് പോലെ നീണ്ടിരിക്കും. കൃഷി ചെയ്താൽ കൂടുതൽ വിളവ് ലഭിക്കുന്നതും സംസ്കരിച്ചെടുത്താൽ കൂടുതൽ കൂവപ്പൊടി ലഭിക്കുന്നതും വെള്ള കൂവക്കാണ്.

ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ഘട്ടത്തോട്ട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുമാണ് കൂവ കൃഷി ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മലയോര മേഖലകളിലും കാട്ടിനുള്ളിലും നാടൻ കൂവ യഥേഷ്ടം വളരുന്നുണ്ട്. കാടിനുള്ളിൽ കഴിയുന്ന ആദിവാസികളുടെ വനവിഭവ ശേഖരണത്തിൽ പ്രധാന ഇനമാണ് നാടൻ കൂവ .

നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണിൽ കൂവ നന്നായി വളരും. മണ്ണിന്റെ PH മൂല്യം 5 മുതൽ 8 വരെ ആകാം . അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും കൂവയുടെ വളർച്ചക്ക് സഹായകമാണ്. വർഷത്തിൽ 1500 മുതൽ 2000 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയും 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടും നിറഞ്ഞ അന്തരീക്ഷം ആണ് കൂവക്ക് അനുയോജ്യമായ സാഹചര്യം . ഇക്കാരണങ്ങൾ ഒക്കെ കൊണ്ടു തന്നെയാണ് കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥ കൂവ കൃഷിക്ക് കൂടുതൽ അനുയോജ്യമാകുന്നതും. 

ചെറു തണലിൽ നന്നായി തഴച്ചുവളരും കൂവ. അതു കൊണ്ട് തന്നെ തെങ്ങ്, കവുങ്ങ്, തുടങ്ങി മറ്റു വിളകളോടൊപ്പം ഇടവിള കൃഷിയായും കൂവ ചെയ്യാം. ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നതു പോലെ മണ്ണ് നന്നായി കിളച്ച് ഇളക്കി ബെഡ് ഒരുക്കണം കൂവയ്ക്കും. പൊതുവേ കൂവ കൃഷിയിൽ കാര്യമായ വളപ്രയോഗം ആരും ചെയ്യാറില്ല. എന്നാൽ കൃഷിയിലൂടെ കാര്യക്ഷമമായ ഉൽപാദനം പ്രതീക്ഷിക്കുന്നവർ അടിവളമായി ചാണകം, കോഴി കാഷ്ഠം, ചാരം, ചപ്പുചവറുകൾ എന്നിവ ഇടുന്നത് നന്നായിരിക്കും. 

കൂവ പൂവിടുന്ന ചെടിയാണെങ്കിലും വിത്ത് ഉൽപാദിപ്പിക്കില്ല. കൂവ കിഴങ്ങിന്റെ കഷണങ്ങൾ തന്നെയാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത്. പലപ്പോഴും കൂവ വിളവെടുത്തു കഴിഞ്ഞ് മഴക്കാലമാകുമ്പോൾ അതേ സ്ഥലത്ത് കൂവ ചെടി കിളിർത്തു വരുന്നതു കാണാം. പറിച്ചെടുക്കുമ്പോൾ അടർന്നു പോകുന്ന കൂവ കിഴങ്ങിന്റെ ചെറുകഷണങ്ങൾ പൊട്ടി കിളിർത്താണ് അവിടെ വീണ്ടും കൂവ ഉണ്ടാക്കുന്നത്. സാധാരണ ഗതിയിൽ, ഒരിക്കൽ കൂവ നട്ടാൽ പിന്നെ വീണ്ടും കൂവ കൃഷിക്കായി നടേണ്ടതില്ല. ബെഡ് ഒരുക്കി നടാനായി കൂവ കിഴങ്ങിനെ 4 സെന്റിമീറ്റർ മുതൽ 7 സെന്റിമീറ്റർ വരെ വലുപ്പവും 15 ഗ്രാം മുതൽ 20 ഗ്രാം വരെ തൂക്കവുമുള്ള ചെറുകഷണങ്ങൾ ആയി മുറിച്ചാണ് നടീൽ വസ്തു തയ്യാറാക്കുന്നത്. ഓരോ കഷ്ണത്തിലും 2 മുതൽ 4 വരെ മുകുളങ്ങള്‍ ഉണ്ടായിരിക്കുന്നത് ചെടികൾ മുളച്ച് പൊന്താന്നുള്ള സാധ്യത വർദ്ധിപ്പിക്കും.

കിഴങ്ങുവിളകൾ കൃഷി ഇറക്കുന്ന ഏപ്രിൽ - മെയ് മാസത്തിൽ പുതുമഴയോടെ കൂവയുടെ കൃഷിയും ആരംഭിക്കാം. 3 ഇഞ്ച് അകലത്തിലും ഒന്നര ഇഞ്ച് താഴ്ച്ചയിലും ആണ് വിത്ത് നടേണ്ടത്. ബെഡിനു മുകളിലായി ചപ്പു ചവറുകൾ കൊണ്ട് പുതയിടുന്നത് കളകയറാതിരിക്കാൻ സഹായിക്കും. വിത്ത് നട്ട് ഒരു മാസം കൊണ്ട്  തൈ മുളയ്ക്കും. തൈയുടെ വളർച്ചക്ക് അനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം ബെഡിനു മുകളിലേക്ക് ഇരുവശത്തു നിന്നുമായി മണ്ണ് കയറ്റി കൊടുക്കേണ്ടതുണ്ട്. 4 ഇഞ്ചോളം വലുപ്പമാകുമ്പോൾ അൽപ്പം ജൈവവളം ഇട്ട് ആദ്യ ഘട്ടം മണ്ണ് കയറ്റാം. പിന്നീട് സെപ്റ്റംബർ ഒക്കെ ആകുമ്പോൾ അൽപ്പം കൂടി വളം നൽകി രണ്ടാമതും ബെഡിലേക്ക് മണ്ണ് കയറ്റണം. ഇങ്ങനെ മണ്ണ് കയറ്റിയിടുന്നതിലൂടെ കിഴങ്ങ് മൂടി കിടന്ന് വളരാനാവശ്യമായ, ഇളക്കമുള്ള മണ്ണ് ലഭിക്കും. കൂടാതെ ശക്തമായി മഴപെയ്താലും ബെഡിലേക്ക് വെള്ളം കയറാതെ, മഴവെള്ളം ഒഴുക്കി കളയാൻ മണ്ണെടുക്കുന്ന ചാലിലൂടെ കഴിയുകയും ചെയ്യും. പ്രേത്യേക ജലസേചനം കൂവക്ക് നൽകേണ്ടതില്ല. മഴക്കാലത്തും അല്ലാതെയും പെയ്യുന്ന മഴ തന്നെ ധാരാളം. മഴ അധികമായി വെള്ളം കെട്ടി നിന്നാൽ കിഴങ്ങ് ചീഞ്ഞ് പോകാനും സാധ്യതയുണ്ട്. 

യാതൊരു വിധ രാസവളങ്ങളുടെയോ കീടനാശിനികളുടെയോ പ്രയോഗം ആവശ്യമില്ലാത്ത കൃഷിയാണ് കൂവയുടേത്. നൽകുന്ന ജൈവവളങ്ങൾ തന്നെ ധാരാളം. കീടങ്ങളുടെ ആക്രമണമോ രോഗബാധയോ ഒരിക്കലും വരാത്ത ചെടിയാണ് കൂവ . അതു മാത്രമല്ല പച്ചക്കറികളുടെയും മറ്റും ഇടയിൽ കൂവ നട്ടാൽ കീടങ്ങളും പ്രാണികളും പച്ചക്കറികളെ ആക്രമിക്കാൻ ആ വഴി വരുക പോലുമില്ല. കൂവ ചെടിയുടെ പ്രേത്യേക മണം ആണ് കീടങ്ങളെയും പ്രാണികളെയും അകറ്റി നിർത്തുന്നത്. വന്യമൃഗങ്ങൾക്കും താൽപ്പര്യമില്ലാത്ത വിളയാണ് കൂവ.

8 മാസമാണ് കൂവയുടെ വളർച്ചക്കു വേണ്ട കാലഘട്ടം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പൊതുവേ വിളവ് എടുക്കുന്ന സമയം. ഇനി ഒരു വർഷം വിളവ് എടുത്തില്ലെങ്കിലും പേടിക്കേണ്ടതില്ല. അടുത്ത വർഷം ഇതേ സമയത്ത് ഇരട്ടിയിലധികം വിളവ് എടുക്കാം. വിളവെടുക്കാനാകുമ്പോൾ കൂവയുടെ ഇലകൾ പഴുത്ത് മഞ്ഞനിറമാകും. മണ്ണ് കിളച്ച് ഇളക്കിയാണ് കൂവ കിഴങ്ങ് പറിക്കുന്നത്. നല്ല രീതിയിൽ കൃഷി ചെയ്താൽ ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ മുതൽ ഒന്നര കിലോ വരെ വിളവ് ലഭിക്കും. പറിച്ചെടുത്ത കൂവ കിഴങ്ങ് ഒരു മാസത്തോളം കേടാകാതെ ഇരിക്കും. നാടൻ കൂവക്ക് കിലോഗ്രാമിന് 15 രൂപ മുതൽ 20 രൂപ വരെയാണ് വിപണി വില. അതേ സമയം വെള്ള കൂവക്കാവട്ടെ കിലോഗ്രാമിന് 30 മുതൽ 35 രൂപ വരെ വിലയുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള കാലഘട്ടത്തിൽ മാത്രമെ കൂവയുടെ വിളവെടുപ്പും കൂവപ്പൊടി ഉൽപാദനവും നടക്കുകയുള്ളു. പിന്നീടുള്ള 6 മാസം വിപണനത്തിനും ആവർത്തന കൃഷിക്കുമുള്ള സമയമാണ്.

15 ഏക്കറോളം സ്ഥലത്ത് വെള്ള കൂവയും 2 ഏക്കറിൽ നാടൻ കൂവയുമാണ് ഡോ. റഫീക്ക് കൃഷി ചെയ്തിരിക്കുന്നത്. ഇതിനു പുറമേ പ്രദേശത്തെ 50 ഓളം കർഷകരെ കൊണ്ട് നാടൻ കൂവ കൃഷി ചെയ്യിക്കുന്നുമുണ്ട് ഡോക്ടർ.  മൂല്യ വർദ്ധിത ഉൽപന്നമായി കൂവപ്പൊടി വിൽക്കുന്നതാണ് ലാഭകരമെങ്കിലും , വരുമാനത്തിനായി കൂവ കൃഷി ചെയ്യുന്ന കർഷകരിൽ ഭൂരിഭാഗവും കൂവ, കിഴങ്ങായി തന്നെയാണ് വിൽപ്പന നടത്തുന്നത്. കാരണം കിഴങ്ങിൽ നിന്നും കൂവപ്പൊടി സംസ്കരിച്ചെടുക്കൽ അൽപ്പം അധ്വാനവും സമയവുമെടുക്കുന്ന കാര്യമാണ്. ഇനി നേരിട്ട് ചെയ്യണമെങ്കിൽ തന്നെ കൂവ അരച്ചെടുക്കാനുള്ള യന്ത്ര സംവിധാനങ്ങളും ധാരാളം ശുദ്ധജലവും ആവശ്യമാണ്.

കൂവ കൃഷിയുടെ ബിസിനസ് സാധ്യതകൾ കൂടി മുന്നിൽ കണ്ട് ഡോക്ടർ റഫീക്ക് നിലമ്പൂരിലെ അകമ്പാടത്ത് ഇതിനു വേണ്ടി പ്രോസസിങ്ങ് യൂണിറ്റും ആരംഭിച്ചുണ്ട്.  ഇനി കൂവ കിഴങ്ങിൽ നിന്ന് കൂവപ്പൊടി ഉൽപ്പാദിപ്പിക്കുന്ന രീതി കൂടി അറിയാം

മണ്ണിൽ നിന്ന് പറിച്ചെടുക്കുന്ന കൂവ കിഴങ്ങ് വൃത്തിയാക്കലാണ് ആദ്യഘട്ടം. മണ്ണും വേര് പടലങ്ങളുമെല്ലാം നീക്കം ചെയ്ത് ശുദ്ധജലത്തിൽ കിഴങ്ങ് കഴുകി വൃത്തിയാക്കണം. തുടർന്ന് കൂവ കിഴങ്ങ് അരച്ചെടുക്കലാണ് അടുത്ത ഘട്ടം. യന്ത്രസഹായത്തോടെയാണ് ഡോ. റഫീക്ക് ഇവിടെ കൂവ അരച്ചെടുക്കുന്നത്. മഞ്ഞ കൂവ അരച്ചെടുക്കുമ്പോൾ മഞ്ഞൾ അരച്ചെടുക്കുന്ന അതേ നിറമായിരിക്കും. പൾപ്പ് രൂപത്തിൽ അരച്ചെടുക്കുന്ന കൂവ അരിച്ചെടുത്ത് അതിലെ അന്നജം വേർതിരിക്കലാണ് പിന്നീട് ചെയ്യുന്നത്. ഇതിനു വേണ്ടി വലിയ പാത്രങ്ങളുടെ മുകൾ ഭാഗം വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് മൂടി കെട്ടി അരിപ്പയുണ്ടാക്കും. പാത്രത്തിലുള്ള വെള്ളത്തിന് പുറമേ അരിപ്പയിൽ കിടക്കുന്ന പൾപ്പിലേക്കും വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടേയിരിക്കും. വെള്ളത്തിനോടൊപ്പം പൾപ്പിലെ അന്നജം പാത്രത്തിൽ എത്തും. അന്നജം വേർതിരിഞ്ഞ കൂവയുടെ വേയ്സ്റ്റ് ജൈവവളമായി കൃഷികൾക്ക് ഉപയോഗിക്കാം. ഏതാനും മണിക്കൂറുകൾ പാത്രത്തിലെ വെള്ളം ഇളക്കാതെ വക്കുമ്പോൾ, വെള്ളത്തിലുള്ള അന്നജം പാത്രത്തിന്റെ അടിത്തട്ടിൽ അടിയുകയും കരടും പൊടികളും വെള്ളത്തിൽ പൊങ്ങി കിടക്കുകയും ചെയ്യും. ഈ വെള്ളം പാത്രം അധികം ഇളക്കാതെ ഒഴുക്കി കളയും. ഇങ്ങനെ കൂവയുടെ ഇനമനുസരിച്ച് മൂന്നു മുതൽ ഏഴ് പ്രാവശ്യം വരെ പാത്രത്തിൽ വെള്ളം നിറച്ച് അടിത്തട്ടിലെ അന്നജം ഇളക്കിയിട്ട് വെള്ളം തെളിയുമ്പോൾ ഊറ്റി മാറ്റും. 7 ദിവസം വരെ സമയമെടുക്കും ഈ ഒരു ഘട്ടം പൂർത്തിയാകാൻ .  ഇങ്ങനെ ഊറ്റിയെടുക്കുന്ന വെള്ളം പച്ചക്കറികൾക്ക് തളിക്കാവുന്ന മികച്ച ജൈവ കീടനാശിനി കൂടിയാണ്. അവസാനം പാത്രത്തിന്റെ അടിഭാഗത്തുള്ള കുഴമ്പ് രൂപത്തിലുള്ള അന്നജം ശേഖരിച്ച് നേരിട്ട് സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കും. സൂര്യപ്രകാശത്തിൽ മാത്രമെ കൂവ പൊടിയിലെ ജലാംശം നീക്കം ചെയ്യാൻ കഴിയൂ. 7 ദിവസം കൊണ്ട് കുഴമ്പ് രൂപത്തിൽ നിന്ന് കട്ടയായോ പൊടിയായോ കൂവ ഉണങ്ങി കിട്ടും. 

13 മുതൽ 15 കിലോ വരെ നാടൻ കൂവ അരച്ചെടുത്താലേ ഒരു കിലോ കൂവപ്പൊടി ലഭിക്കു. അതേ സമയം വെള്ള കൂവയുടെ 1 കിലോ പൊടി ലഭിക്കാൻ 6 കിലോ കൂവ കിഴങ്ങ് മതിയാകും. വ്യവസായിക അടിസ്ഥാനത്തിൽ കൂവ പൊടി ഉൽപാദിപ്പിച്ച് വിപണനം ചെയ്യുന്നത് കൊണ്ടു തന്നെ കട്ട പിടിച്ചിരിക്കുന്ന കൂവപ്പൊടി യന്ത്രസഹായത്തോടെ ഒന്നുകൂടി പൊടിച്ച് , പൗഡറാക്കിയാണ് ഡോ. റഫീക്ക് വിപണനം ചെയ്യുന്നത്. 

 ഇനി കൂവ കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും കൂവയുടെ ഔഷധഗുണങ്ങളും കൂടി വിശദമായി അറിയാം.

മൈദ കൊണ്ട് ഉണ്ടാക്കുന്ന പല പലഹാരങ്ങളും കൂവപ്പൊടി ഉപയോഗിച്ചും ചെയ്തെടുക്കാം. കേക്ക്, ബർഗർ, ബ്രഡ്, പാസ്ത, സ്റ്റൂ, ഐസ് ക്രീം, പുഡിങ്ങ് , ഹൽവ, ജാം തുടങ്ങി പാചകം ചെയ്യുന്നവരുടെ അഭിരുചിയനുസരിച്ച് ആരോഗ്യദായകവും രുചികരവുമായ ഭക്ഷണവിഭവങ്ങൾ ഏതുമുണ്ടാക്കാം. കറികളിലും മറ്റും കൊഴുപ്പ് കിട്ടാനായി ചോളപ്പൊടി ഉപയോഗിക്കുന്നതിലും മികച്ച ഫലമാണ് കൂവപ്പൊടി കലക്കി ഒഴിക്കുമ്പോൾ കിട്ടുന്നത്. ഏറ്റവും എളുപ്പം തയ്യാറാക്കാവുന്നതും ശരീരത്തിന് ഏറെ ഗുണം നൽകുന്നതുമായ വിഭവമാണ് കൂവ കുറുക്കും കൂവ പാനീയവും . ഇത് തയ്യാറാക്കാനായി ഒരു കപ്പിൽ 2 സ്പൂൺ കൂവപ്പൊടിയിട്ട് അതിലേക്ക് അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി ലയിപ്പിക്കുക. തുടർന്ന് ഒരൽപ്പം വലിയ പാത്രത്തിൽ തിളപ്പിച്ചെടുത്ത കൂടുതൽ വെളളത്തിലേക്ക് , ലയിപ്പിച്ചെടുത്ത കൂവമിശ്രിതം ചേർക്കാം. രുചി താൽപ്പര്യമനുസരിച്ച് പഞ്ചസാരയോ, ശർക്കരയോ, കൽക്കണ്ടമോ ആവശ്യത്തിനു ചേർക്കാം. പാലോ, തേങ്ങ പീരയോ രുചി വൈവിധ്യത്തിനു വേണ്ടി ചേർക്കാവുന്നതാണ്. ഒരു നുള്ള് ഉപ്പ് കൂടി ചേർക്കുന്നത് സ്വാദ് വർദ്ധിപ്പിക്കും. ചെറുതീയിൽ വേണം കൂവ കുറുക്കിയെടുക്കാൻ . തുടർച്ചയായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. രണ്ട് മിനിട്ട് സമയം കൊണ്ട് വെള്ളത്തിന്റെ പരുവത്തിൽ നിന്ന് കൂവ കുറുകി കട്ടിയായി മാറും. കൂടുതൽ കട്ടിയാകാതെ കോരി കഴിക്കാൻ പാകത്തിനാകുമ്പോൾ തീ അണച്ച് പാത്രത്തിലേക്ക് വിളമ്പാം . ചെറു ചൂടോടെ കഴിക്കുന്നതാണ് രുചികരം.

കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ എളുപ്പം തയ്യാറാക്കി നൽകാവുന്ന ഭക്ഷണമാണ് കൂവ കുറുക്ക്. മുതിർന്നവർക്കും, പ്രായമായവർക്കും മികച്ച ആരോഗ്യം പ്രദാനം ചെയ്യും കൂവയുടെ ഭക്ഷണം. കുഞ്ഞുങ്ങൾക്ക് മുലപ്പാലിനു ശേഷം ആദ്യമായി കൊടുക്കാവുന്ന ഏറ്റവും നല്ല ഖരഭക്ഷണമാണ് കൂവ കുറുക്ക്. അതിവേഗം ദഹിക്കുന്ന അന്നജമാണ് ഇതിലുള്ളത്. കൂവ കുറുക്കായിട്ടല്ലാതെ തിളച്ച വെള്ളത്തിൽ ലയിപ്പിച്ചെടുത്ത് ആവശ്യത്തിന് മധുരമോ ഉപ്പോ ചേർത്ത് പാനീയമായും കുടിക്കാം. വെയിലു കൊണ്ട് ക്ഷീണിച്ച് വരുമ്പോഴും, കുട്ടികൾ കളിച്ച് തളർന്നു വരുമ്പോഴും, സ്പോർട്സ് താരങ്ങൾ പരിശീലനം കഴിഞ്ഞു വരുമ്പോഴും, ശരീരത്തിന്റെ തളർച്ച അകറ്റാൻ, ഗ്ലൂക്കോസിനെക്കാൾ ഊർജം പകരാൻ കൂവക്ക് കഴിയും .

ഔഷധ ഗുണം കൊണ്ടും പോഷക ഗുണം കൊണ്ടും സമ്പന്നമാണ് കൂവ. കലോറിയുടെ അളവ് വളരെ കുറവാണെന്ന് മാത്രമല്ല ധാരാളമായി വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിട്ടുമുണ്ട് ഇതിൽ. ശരീരത്തിന് കൂടുതൽ ഊർജജം  കൂവ കഴിക്കുമ്പോൾ ലഭിക്കുന്നതിന്റെ അടിസ്ഥാന കാരണവുമിതാണ്. കാർബോ ഹൈഡ്രേറ്റ്, വിറ്റാമിൻ B എന്നിവ കൂടാതെ മൂലകങ്ങളായ കോപ്പർ, അയൺ, മഗ്നീഷ്യം, മാംഗനീസ് , ഫോസ്ഫറസ്, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയും സമൃദ്ദമായി കൂവയിലുണ്ട്. ഔഷധ മൂല്യം കൊണ്ടും മുമ്പിലാണ് കൂവ . ശർദ്ധി, അതിസാരം തുടങ്ങിയവക്ക് ഫലപ്രദമായ പ്രകൃതിദത്ത ORS ആണ് കൂവ. ശരീരത്തിൽ സോഡിയം , പൊട്ടാസിയം ലെവൽ കുറയുമ്പോൾ പരിഹരിക്കാനും PH ലെവൽ സന്തുലിതമാക്കി നിർത്താനും കൂവ ഫലപ്രദമാണ്. മൂത്രാശയ രോഗങ്ങൾ, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവക്കും ആശ്വാസമേകാൻ കൂവക്ക് കഴിയും. അമിത ഭാരം കുറയ്ക്കാനും, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും, ഹ്യദയാരോഗ്യം വർദ്ധിപ്പിക്കാനും, രക്തചംക്രമണം കൂട്ടാനും അനീമിയയെ പ്രതിരോധിക്കാനും കഴിവുണ്ട് കൂവക്ക്. ഔഷധ നിർമ്മാണത്തിനു പുറമെ ചർമ്മം മൃദുലമാക്കുന്ന ക്രീമുകളിലും, ടാൽക്കം പൗഡറുകളിലും കൂവ വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. 

വെള്ള കൂവ, മഞ്ഞ കൂവ, നീല കൂവ തുടങ്ങിയ ഇനങ്ങൾ വെവ്വേറെ പായ്ക്കിങ്ങോടെ 'കൂവ' എന്ന പേരിൽ തന്നെ ബ്രാൻഡ് ചെയ്താണ് ഡോക്ടർ റഫീക്ക് വിപണിയിൽ എത്തിക്കുന്നത്. സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ , ചില്ലറ വിൽപ്പന ശാലകൾ, ഓൺലൈൻ സ്റ്റോറുകൾ എന്നിവ മുഖേന 100 ഗ്രാമിന്റെ ബോട്ടിലായും 20 ഗ്രാമിന്റെ പായ്ക്കറ്റിലാക്കിയും ആണ് വിപണനം. വ്യാജ ഉൽപ്പന്നങ്ങളാണ് ബിസിനസിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അധികമാരും ശ്രദ്ധിക്കാതെ, മൂല്യവും ഗുണവുമറിയാതെ, അവഗണിച്ചു കിടന്ന കൂവ എന്ന നമ്മുടെ പരമ്പരാഗത കാർഷിക വിളയുടെ സാധ്യതകൾ തിരിച്ചറിഞ്ഞതാണ് ഡോ. റഫീക്കിന്റെ വിജയം. കൂവ കൃഷിയുടെ പുനരുജ്ജീവനം ആണ് ഇന്ന് ഇദ്ദേഹം സാധ്യമാക്കിയിരിക്കുന്നത്. സ്വന്തമായുള്ള കൃഷിക്കു പുറമേ, നിരവധി കർഷകർക്ക് ഇടവിളകൃഷിയിലൂടെ മികച്ച വരുമാനം നേടികൊടുക്കുവാനും, ഒപ്പം വിപണിയിൽ ഗുണമേൻമയോടു കൂടി കൂവയെ ബ്രാൻഡ് ചെയ്തത് അവതരിപ്പിക്കാനും ഡോ. റഫീക്ക് എന്ന ഈ കർഷകന്, അഗ്രി ബിസിനസ് സംരഭകന് കഴിഞ്ഞു.

കൂവയുടെ കൃഷിയെ കുറിച്ചും സംസ്കരണ വിപണന സാധ്യതകളെ കുറിച്ചും കൂടുതൽ അറിയാൻ ബന്ധപെടേണ്ട വിലാസം

ഡോ. റഫീക്ക് എം.കെ

റൂട്ട്സ് ഫുഡ് പ്രോഡക്ട്സ്

അകമ്പാടം, എരഞ്ഞിമങ്ങാട് (പി.ഒ)

നിലമ്പൂർ, മലപ്പുറം (ജില്ല)

ഫോൺ: 98 46 78 51 22

MORE IN BUSINESS
SHOW MORE