റൈറ്റ്സ് പ്രഥമിക ഇഷ്യൂ നാളെ മുതൽ; ഓഹരി വില 185 രൂപ

RITES
SHARE

ഇന്ത്യന്‍ റയില്‍വേയ്ക്ക് കീഴിലുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റൈറ്റ്സിന്റെ പ്രാഥമിക ഇഷ്യു നാളെമുതല്‍. നൂറ്റിയെണ്‍പത്തിയഞ്ച് രൂപയാണ് ഓഹരിവില. ഓഹരിവില്‍പനയിലൂടെ നാനൂറ് കോടിയിലേറെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഐപിഒ പ്രഖ്യാപിക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് റയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസസ് അഥവാ റൈറ്റ്സ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റുചെയ്യപ്പെടുന്ന റൈറ്റ്സ്് ഓഹരികളുടെ ഐപിഒ നാളെ ആരംഭിച്ച് ഇരുപത്തിരണ്ടാം തീയതി അവസാനിക്കും. 2 കോടി 52 ലക്ഷം ഓഹരികളാണ് വിപണിയിലെത്തുന്നത്. ഇതില്‍ 12 ലക്ഷം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ചുരുങ്ങിയത് 200 ഓഹരികള്‍ ബിഡ് ചെയ്യണം. പിന്നീട് ഇരുനൂറിന്റെ ഗുണിതങ്ങളായും ഓഹരി വാങ്ങാം. വിപണിയില്‍ നിന്ന് 466 കോടി രൂപവരെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

എലാറ ക്യാപിറ്റല്‍ ഇന്ത്യ, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ഐഡിഎഫ്സി ബാങ്ക് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജര്‍മാര്‍. റജിസ്ട്രാര്‍ ലിങ്ക് ഇന്‍ടൈം ഇന്ത്യയും. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മിനിരത്ന കമ്പനിയാണ് റൈറ്റ്സ്. ഓഹരി വില്‍പനയ്ക്കുശേഷം സര്‍ക്കാരിന്റെ പങ്കാളിത്തം 87.4 ശതമാനമായി ചുരുങ്ങും. ഗതാഗത മേഖലയില്‍ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുകയാണ് പ്രധാന ജോലിയെങ്കിലും വിവിധ മേഖലകളില്‍ സേവനം നല്‍കുന്ന ഏക കമ്പനിയുമാണ് റൈറ്റ്സ്. 44 വര്‍ഷത്തെ പരിജ്ഞാനമുള്ള റൈറ്റ്സ് ഇന്ത്യയ്ക്കുപുറമെ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും മധ്യപൂര്‍വേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE