എയർ ഇന്ത്യയുടെ ഓഹരികള്‍ വിൽക്കാനുള്ള നീക്കം മരവിപ്പിച്ചു; തീരുമാനം ജെയ്റ്റ്ലിയുടെ യോഗത്തിൽ

airindia
SHARE

എയര്‍ഇന്ത്യയുടെ ഒാഹരികള്‍ വില്‍ക്കാനുള്ള നീക്കം മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‍റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. എയര്‍ഇന്ത്യയുടെ ദൈനംദിന ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്മേലാണ് നടപടി. 

എയര്‍ഇന്ത്യയുടെ എഴുപത്തിയാറ് ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചത്. ദൈനംദിനചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. എയര്‍ഇന്ത്യയ്‍ക്കുള്ള ആദ്യഫണ്ട് കേന്ദ്രം ഉടന്‍ നല്‍കും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവും കേന്ദ്രം വഹിക്കും. നാല്‍പത്തിയെണ്ണായിരം കോടി രൂപയുടെ കടബാധ്യതയുള്ള എയര്‍ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ലേലത്തില്‍ പങ്കെടുക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി കേന്ദ്രം തയ്യാറാക്കിയത്. നിറയെ യാത്രക്കാരുമായാണ് എയര്‍ഇന്ത്യ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. പ്രവ‍ര്‍ത്തന ലാഭത്തിലാണ് കമ്പനി. ഈ നില മെച്ചപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവില്‍ ഓഹരി വിറ്റഴിക്കാനുള്ള അടിയന്തര സാഹചര്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.  േകന്ദ്രധനമന്ത്രിക്ക് പുറമെ മന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, സുരേഷ് പ്രഭു, പീയുഷ് ഗോയല്‍ എന്നിവരടങ്ങിയ യോഗമാണ് തീരുമാനമെടുത്തത്.

MORE IN BUSINESS
SHOW MORE