രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപത്തിൽ ഗണ്യമായി കുറവ്

bank-investment-t
SHARE

കഴി‍ഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം ഗണ്യമായി കുറഞ്ഞു. നോട്ട് നിരോധനവും മറ്റ് നിക്ഷേപ മാര്‍ഗങ്ങളുടെ വളര്‍ച്ചയും മൂലം ബാങ്ക് നിക്ഷേപത്തില്‍ അന്‍പതുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ ബാങ്ക് നിക്ഷേപത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് 2017–18 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. 1962–63 സാമ്പത്തിക വര്‍ഷത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്. 2016 നവമ്പറിലെ നോട്ട് നിരോധനമാണ് ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റിയതിന് പ്രധാന കാരണമെന്ന് ബാങ്കിങ്ങ് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  ഇതിനുപുറമെ, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷൂറന്‍സ് തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം മാറിയതും ബാങ്കുകള്‍ക്ക് തിരിച്ചടിയായി. നോട്ട് നിരോധിച്ച കാലയളവില്‍ 15.28 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലേക്കെത്തിയത്. ഇതിന്റെ ഫലമായി 2016–17 സാമ്പത്തികവര്‍ഷത്തില്‍ ബാങ്ക് നിക്ഷേപത്തില്‍ 15.8 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ അതിനുശേഷം ഈ പണം മുഴുവന്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുന്ന പ്രവണതയാണുണ്ടായതെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ 22 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 2017 മാര്‍ച്ചില്‍ 17.55 ലക്ഷം കോടിയായിരുന്നു മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 21.36 ലക്ഷം കോടിയായി വളര്‍ന്നു. ഇന്‍ഷുറന്‍സ് മേഖലയിലും വളര്‍ച്ച പ്രകടമാണ്. 2016 മാര്‍ച്ചില്‍ 1.38 ലക്ഷം കോടി രൂപയുടെ ആദ്യ പ്രീമിയമുണ്ടായിരുന്നത് കഴിഞ്ഞ മാര‍്ച്ച് ആയപ്പോഴേക്കും 1.93 കോടിയായി വര്‍ധിച്ചു. എന്നാല്‍ ഇക്കൊല്ലം ബാങ്ക് നിക്ഷേപം വര്‍ധിക്കുമെന്നാണ് ബാങ്കിങ് മേഖലയുടെ പ്രതീക്ഷ. നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുന്നതുതന്നെ പ്രധാന കാരണം. ഓഹരിവിപണിയില്‍ കാര്യമായ മുന്നേറ്റമുണ്ടാകാനിടയില്ലെന്നതും ബാങ്കുകള്‍ക്ക് അനുകൂലമാകും. 

MORE IN BUSINESS
SHOW MORE