റിസർവ് ചെയ്‌ത ട്രെയിൻ ടിക്കറ്റ് ഇനി മുതൽ മറ്റൊരാൾക്ക് കൈമാറാം

train
SHARE

ട്രെയിനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യുന്നവരാണ് മിക്കവരും . പക്ഷേ നമ്മളിൽ പലർക്കും യാത്രയുടെ അവസാന നിമിഷം റദ്ദാക്കേണ്ടി വരാറുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞിരിക്കുമെന്നതിനാൽ ടിക്കറ്റിന്റെ കാശ് തിരികെ ലഭിക്കാറുമില്ല. ഇതിന് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള  മാർഗനിർദേശങ്ങൾ റെയിൽവേ പുറത്തിറക്കി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസർവേഷൻ സൂപ്പർവൈസറിന് സീറ്റോ, ബെർത്തോ മുൻകൂട്ടി ബുക്ക് ചെയ്തത് മാറ്റി നൽകാൻ സാധിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വാർത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാർഥികൾ, വിവാഹ സംഘം, എൻസിസി കേഡറ്റ്സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോൾ പത്തുശതമാനം പേരുടെ ടിക്കറ്റുകൾ മാത്രമേ ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയൂ എന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് മാറ്റുന്നതിനുള്ള നിർദേശങ്ങൾ: യാത്രക്കാരൻ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിൽ, ഡ്യൂട്ടിക്കു പോകുമ്പോൾ നിശ്ചിത ട്രെയിനിന്റെ പുറപ്പെടൽ സമയത്തിന് 24 മണിക്കൂർ മുൻപ് ടിക്കറ്റ് ട്രാൻസ്ഫറിന് അവസരമുണ്ടാകും. ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടതെന്നടക്കമുള്ള വിവരങ്ങൾ 24 മണിക്കൂറിനുമുൻപ് എഴുതി തയാറാക്കി അപേക്ഷ നൽകണം.

യാത്രക്കാരന് തന്റെ കുടുംബത്തിൽ തന്നെയുള്ള മറ്റൊരാൾക്കും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം. പിതാവ്, മാതാവ്, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ ഇവരിൽ ആർക്കെങ്കിലും മാത്രമേ ടിക്കറ്റ് നൽകാൻ സാധിക്കൂ. നിശ്ചിത ട്രെയിനിന്റെ പുറപ്പെടൽ സമയത്തിനു 24 മണിക്കൂർ മുൻപ് ആവശ്യമുന്നയിച്ചുള്ള അപേക്ഷ നൽകണം.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിദ്യാർഥികളുടെ ടിക്കറ്റുകളും ഇത്തരത്തിൽ മാറ്റി നൽകാം. ഇതിനായി നിശ്ചിത ട്രെയിനിന്റെ പുറപ്പെടൽ സമയത്തിന് 48 മണിക്കൂർ മുൻപ് അപേക്ഷ നൽകുമ്പോൾ അതേ സ്ഥാപനത്തിലുള്ള മറ്റൊരു വിദ്യാർഥിക്ക് യാത്ര ചെയ്യാൻ സാധിക്കും.

വിവാഹ സംഘത്തിലെ അംഗങ്ങളിൽ ആർക്കുവേണമെങ്കിലും ഇത്തരത്തിൽ ടിക്കറ്റ് മറ്റൊരാൾക്കു നൽകാൻ കഴിയും. വിവാഹസംഘത്തിന്റെ തലവനെന്നു കണക്കാക്കുന്ന വ്യക്തി ടിക്കറ്റ് ട്രാൻസ്ഫറിന് അനുമതി ചോദിച്ച് 48 മണിക്കൂറിനു മുൻപ് അപേക്ഷ നൽകണം.

നാഷനൽ കേഡറ്റ് കോർപ്സ് അംഗങ്ങള്‍ക്കും ടിക്കറ്റ് ട്രാൻസ്ഫറിനുള്ള അനുമതി ലഭിക്കും. 24 മണിക്കൂറുകൾക്കു മുൻപുമാത്രം ഇതിനായുള്ള അപേക്ഷ നൽകിയാൽ മതി. 

MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.