മിനിമം ബാലന്‍സിന്‍റെ പേരില്‍ ബാങ്കുകളുടെ കൊള്ള; എട്ടുമാസത്തിനിടെ കവര്‍ന്നത് 2320 കോടി

sbi
SHARE

മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ കൊളളയടിച്ച് പൊതുമേഖലാബാങ്കുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം രണ്ടായിരത്തിമുന്നൂറ്റിയിരുപത് കോടി രൂപയാണ് ബാങ്കുകള്‍ ഈടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ആയിരത്തിഎഴുന്നൂറ്റി എഴുപത്തിയൊന്ന് കോടി രൂപ ഈടാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെയാണ് ബാങ്കുകളുടെ പകല്‍കൊളളയെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആരോപിച്ചു. 

ജൂലായ്-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തേക്കാള്‍ വലിയതുകയാണ് മിനിമം ബാലന്‍സ് പിഴയിനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആയിരത്തി അഞ്ഞൂറ്റിയെണ്‍പത്തിയൊന്ന് കോടി രൂപ അറ്റാദായമായി ലഭിച്ചപ്പോള്‍, മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് ആയിരത്തിഎഴുന്നൂറ്റി എഴുപത്തിയൊന്ന് കോടി രൂപയാണ് എസ്.ബി.ഐ കൊളളയടിച്ചത്. 

Default thumb image

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ബേസിക് സേവിങ്സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയും മാത്രം ഒഴിവാക്കി. നാല്‍പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐയ്ക്കുളളത്. മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിവില്ലാത്ത സാധാരണക്കാരെയും താഴെത്തട്ടിലുളളവരെയും കൊളളയടിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ സാന്പത്തികനയം വഴിയൊരുക്കിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു.എസ്.ബി.ഐയ്ക്ക് പിന്നില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് തൊണ്ണൂറ്റിയേഴ് കോടി മുപ്പത്തിനാല് ലക്ഷം രൂപ അക്കൗണ്ട് ഉടമകളില്‍ നിന്ന് വസൂലാക്കി. 

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അറുപത്തിയെട്ട് കോടിയും കാനറാ ബാങ്ക് അറുപത്തിരണ്ട് കോടിയും ഐഡിബിഐ ബാങ്ക് അന്‍പത്തിരണ്ട് കോടി രൂപയും ഈടാക്കി. മറ്റ് പൊതുമേഖലാബാങ്കുകള്‍ ഇരുനൂറ്റി അറുപത്തിയെട്ട് കോടി രൂപ ഈടാക്കിയെന്നും കേന്ദ്രധനകാര്യമന്ത്രാലയത്തിന്‍റെ കണക്കുകളില്‍ വ്യക്തമാക്കി. 

MORE IN BUSINESS
SHOW MORE