കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്; വലഞ്ഞ് യാത്രക്കാര്‍; പ്രതിഷേധം

കാബിന്‍ ക്രൂ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ മുടങ്ങിയതോടെ രണ്ടാംദിനത്തിലും വലഞ്ഞ് യാത്രക്കാര്‍. ഇന്ന് ഇതുവരെ 85 സര്‍വീസുകളാണ് റദ്ദാക്കിയത്. സർവീസുകൾ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. അവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ ജോലിയിൽ മടങ്ങിയെത്തേണ്ടവരാണ് നട്ടം തിരിഞ്ഞവരിൽ അധികവും. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ  20 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  

മാറ്റിക്കിട്ടിയ ടിക്കറ്റും പിടിച്ച് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരുന്ന് നേരംവെളുപ്പിച്ച പ്രദീപിന് ഇന്നും പോകാനായില്ല.  ഗൾഫിൽ നിർമാണതൊഴിലാണ്. അവധി തീർന്നു. പകരം സംവിധാനം ഒരുക്കാൻ ആവശ്യപ്പെടുമ്പോൾ കൈമലർത്തുകയാണ് എയർഇന്ത്യ. തിരുവനന്തപുരം മസ്കറ്റ് വിമാനം റദ്ദായത് അറിയാതെ കന്യാകുമാരി ജില്ലയിൽ നിന്ന് വന്ന നിരവിധി തൊഴിലാളികളും കുടുങ്ങി. 

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരു, ഹൈദരാബാദ് ആഭ്യന്തര സർവീസുകളും റദ്ദാക്കി. കരിപ്പൂരിൽ നിന്ന് അൽഐൻ, ജിദ്ദ, ദോഹ, സലാല, റിയാദ് സർവീസുകൾ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചിരിക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള ഷാർജ, അബുദാബി, മസ്കറ്റ്, ദമാം സർവീസുകൾ റദ്ദായപ്പോൾ, വൈകിട്ട് നെടുമ്പാശേരിയിൽ നിന്നുള്ള മസ്കറ്റ്, കൊൽക്കത്ത സർവീസുകൾ ഉണ്ടാകില്ലെന്ന് അറിയിപ്പ് വന്നു. 

Air India Express cancelled more flights