സെക്സ് ടേപ് കേസ്; പ്രതി പ്രജ്ജ്വല്‍ രേവണ്ണക്കായി ലുക്ക് ഔട്ട് നോട്ടിസ്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു എസ്.ഐ.ടി. നടപടി. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി ഹാസനിലെത്തി ഇരകളെ കാണാന്‍ തയാറാവണമെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.െക ശിവകുമാര്‍ ആവശ്യപ്പെട്ടു. പ്രജ്വലിനെ ഭഗവാന്‍ കൃഷ്ണനോടു ഉപമിച്ച മന്ത്രി ആര്‍.ബി തിമ്മാപ്പൂരിന്‍റെ.. വാക്കുകള്‍ വിവാദമായി.

24 മണിക്കൂറിനകം ചോദ്യം ചെയ്യലിനു ഹാജരാകണമന്നു കാണിച്ച് തിങ്കളാഴ്ച വൈകീട്ടാണു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി. സംഘം പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും നോട്ടീസ് നല്‍കിയത്. ഇരുവരും ഹാജരായില്ലെന്നു മാത്രമല്ല അഭിഭാഷകന്‍ മുഖേനെ പ്രജ്വല്‍ ഒരാഴ്ച സമയം തേടുകയും ചെയ്തു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. രാജ്യത്തെ എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലേക്കും നോട്ടീസ് കൈമാറി. ഇതോടെ വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലേ, അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലോ പ്രജ്വലെത്തിയാല്‍ കസ്റ്റഡിയിലെടുത്തു കര്‍ണാടക പൊലീസിനു കൈമാറേണ്ടിവരും. പ്രജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്കു കത്തെഴുതിയതിനു പിറകെയാണ് എസ്.ഐ.ടി നടപടി. പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നിയമ നടപടികള്‍ എസ്.ഐ.ടി.തുടങ്ങിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കണമെന്നുമാണ്, കത്തിലെ ആവശ്യം. അതേ സമയം കേസില്‍ രാഷ്ട്രീയ പോര് തുടരുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്നു ആവര്‍ത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി ഹാസനിലെത്തി പ്രജ്വലിന്റെ ക്രൂരതയ്ക്കിരയായവരെയും കാണണമെന്നു കോണ്‍ഗ്രസ് തിരിച്ചടിച്ചു

ഹാസന്‍ ഹോളേനരസിപ്പുരയിലെത്തുന്ന എസ്.ഐ.ടി. സംഘം പരാതിക്കാരിയില്‍ നിന്നു വിശദമായ മൊഴിയെടുക്കും. ഇതിനകം പത്തു സ്ത്രീകളാണു പുറത്തുവന്ന ദൃശ്യങ്ങള്‍ തങ്ങളുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതാണന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.