കോണ്‍ഗ്രസിനെതിരായ പ്രചാരണം തിരിച്ചടിച്ചു; സിപിഎമ്മില്‍ പുകഞ്ഞത് പൊട്ടിത്തെറിയിലേക്ക്

Pinarayi-Vijayan-with-Jayarajan
SHARE

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പിയെന്ന സി.പി.എം പ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയായി ഇ.പി.ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച. വോട്ടെടുപ്പ് ദിവസം രാവിലെ ഇ.പി. നടത്തിയ തുറന്നുപറച്ചിലും അതിനെതിരായ മുഖ്യമന്ത്രിയുടെ രോഷപ്രകടനവും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിനുശേഷം സി.പി.എമ്മില്‍ പുകഞ്ഞ പ്രശ്നങ്ങളാണ് നിര്‍ണായക വിധിദിനത്തില്‍ പൊട്ടിത്തെറിച്ചത്.  

വോട്ടെടുപ്പ് ദിവസത്തെ അജണ്ട നിശ്ചയിക്കാന്‍ പോന്ന തുറന്നുപറച്ചിലായി ഇ.പി.ജയരാജന്‍റേത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ബന്ധുനിയമന വിവാദത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജി വക്കേണ്ടി വന്നപ്പോള്‍ മുതല്‍ അതൃപ്തനാണ് ഇ.പി. ജൂനിയറായ എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പി.ബി. അംഗവുമായതോടെ താന്‍ തഴയപ്പെടുന്നെന്ന ചിന്തയിലായി ഇ.പി. എം.വി.ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദകുമാറിന്‍റെ കുടുംബ ക്ഷേത്രത്തിലെ പരിപാടിക്ക് പോകാനും ഇ.പി. ധൈര്യം കാണിച്ചു. നന്ദകുമാറിന്‍റെ അമ്മയെ പൊന്നാടയണിയിക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് ഒടുവില്‍ തൃശൂരിലെത്തി ജനകീയ പ്രതിരോധ യാത്രയില്‍ മുഖം കാണിച്ചത്. 

അതേ ദിവസം, അതേ നന്ദകുമാറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചത്. പദ്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിക്കാന്‍ ചരടുവലിച്ച പ്രകാശ് ജാവഡേക്കറുമായി ഇടതുമുന്നണി കണ്‍വീനര്‍ മകന്‍റെ ഫ്ളാറ്റില്‍ വച്ച് കണ്ടതിനെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ശ്രമിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയിലെ വിവാദ ദല്ലാളിന്‍റെ സാന്നിധ്യം ലാവലിന്‍ കേസ് കുത്തിപ്പൊക്കി. ഇതോടെ പിണറായിയുടെ രോഷം ഇ.പിക്കെതിരെ അണപൊട്ടി.

ബി.ജെ.പിയുമായി ഒത്തുകളിക്കുന്നതാരെന്ന തിരഞ്ഞെടുപ്പ് ചോദ്യം ഇപ്പോള്‍ സി.പി.എമ്മിന് മുന്നിലാണ് ഉയര്‍ന്നുനില്‍ക്കുന്നത്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം, സ്വന്തം കേസില്‍ നിന്ന് പിണറായി ഊരും, കോണ്‍ഗ്രസിനെ പൊളിക്കാനും പറ്റുമെന്നും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ പരിഹസിച്ചു. എം.എ.ബേബിയും എ.കെ.ബാലനും പിണറായിയുടെ നിലപാട് ശരിവച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വോട്ടെടുപ്പ് ദിവസത്തെ വിവാദം മയപ്പെടുത്താണ് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇ.പി. പാര്‍ട്ടിയില്‍ മറുപടി പറയേണ്ടി വരും. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കു തന്നെ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഭരണവിരുദ്ധവികാരമൊക്കെ പാര്‍ട്ടി ചര്‍ച്ചയില്‍ കടക്കു പുറത്തെന്നാകും.

Politics in EP Jayrajan Javadekar meeting

MORE IN BREAKING NEWS
SHOW MORE