20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; നാലു ബൂത്തുകളില്‍ യന്ത്രം തകരാറിലായി

polling-start
SHARE

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. വോട്ട് രേഖപ്പെടുത്താന്‍ പ്രമുഖ നേതാക്കളെത്തി. കോഴിക്കോട് നെടുങ്ങോട്ടൂര്‍ ബൂത്ത് 84ല്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകുന്നു. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത്  ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിങ് യന്ത്രം പണിമുടക്കി. വോട്ട് തുടങ്ങാൻ സാധിച്ചില്ല. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ 164 ചോലമുക്ക് ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സാങ്കേതിക തകരാറുണ്ടായി. 

വടകര മണ്ഡലത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് വാണിമേലിൽ രണ്ടു ബൂത്തുകളിൽ മോക് പോൾ തുടങ്ങിയില്ല. പാലൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ 70, 72 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം തകരാറിലായത്. തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു

കേരളം അടക്കം 12 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയുമായി 88 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13ഉം ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.  ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. ആദ്യഘട്ടത്തില്‍ പോളിങ് 65.5 ശതമാനമാണെന്നാണ് വിലയിരുത്തല്‍. പോളിങ് ശതമാനം ഉയര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പാര്‍ട്ടികളും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലംകാണുമെന്നും ഇന്നറിയാം. രണ്ടാംഘട്ടത്തിലെ 88 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 63 സീറ്റിലും ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ 25 സീറ്റിലുമാണ് വിജയിച്ചത്. ഇതേ ആധിപത്യം നിലനിര്‍ത്താനാണ് ബിജെപി ശ്രമം. 

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ചത്തീസ്‌ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍, എച്ച്.ഡി.കുമാരസ്വാമി, നടി ഹേമമാലിനി, പപ്പുയാദവ്, ഡാനിഷ് അലി തുടങ്ങിയവര്‍ മല്‍സരരംഗത്തുണ്ട്

Kerala LS Polls 2024: Polling begins in 20 constituencies of Kerala

MORE IN BREAKING NEWS
SHOW MORE