സിപിഎമ്മിനെ കുടുക്കിലാക്കി ഇ.പി; തുണച്ചും ശാസിച്ചും മുഖ്യമന്ത്രി; പാര്‍ട്ടി അറിഞ്ഞോ ഡീല്‍?

pinarayi-ep-govndan
SHARE

വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിനൊപ്പം ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി.ജയരാജന്‍ സമ്മതിച്ചതോടെ വോട്ടെടുപ്പുദിനം ഊരാക്കുടുക്കിലായി സി.പി.എം. ജയരാജന് വീണ്ടും ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി പക്ഷേ, താനും ജാവഡേക്കറിനെ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടേത് മുന്നറിയിപ്പ് മാത്രമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞൊഴിഞ്ഞു.

പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന നാളുകളില്‍ ദല്ലാള്‍ നന്ദകുമാറിന്‍റെ മധ്യസ്ഥതയില്‍ ബിജെപിയില്‍ ചേരാന്‍ ഇ.പി.ജയരാജന്‍ ശ്രമിച്ചെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തിനാണ് ഇ.പി പോളിങ് ദിവസം മറുപടി പറഞ്ഞത്. തിരുവനന്തപുരം ആക്കുളത്ത് മകന്‍റെ ഫ്ലാറ്റിലെത്തിയ  ജാവഡേക്കറുമായി സംസാരിച്ചിട്ടുണ്ട്. ആ വഴി വന്നപ്പോള്‍ കയറിയതാണെന്ന് ജാവഡേക്കര്‍ പറഞ്ഞു. രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞുവെന്നും ഇ.പി വ്യക്തമാക്കി.

കെ.സുധാകരനും ശോഭ സുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും, നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു. വോട്ടുചെയ്തശേഷം പ്രതികരിച്ച മുഖ്യമന്ത്രി ആദ്യം  പറഞ്ഞത് ഇങ്ങനെ ഇ.പി വല്യ  നേതാവാണ്. ഇത് പാര്‍ട്ടിക്കെതിരായ ആരോപണം. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരംമാറി. ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ല, നേരത്തെയും ഈ അനുഭവമുണ്ട്. നേരം വെളുക്കുമ്പം ആരെ വഞ്ചിക്കണമെന്ന് നോക്കിയിരിക്കുന്നവരുമായി കൂട്ടുപാടില്ല. ആ മനുഷ്യന്‍ ( നന്ദകുമാര്‍) എങ്ങനെയും പണംകിട്ടണമെന്ന ചിന്തയുള്ളയാള്‍. അത്തരക്കാരുമായുള്ള ലോഹ്യമോ ബന്ധമോ പാടില്ല. പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും എന്നാണ് ചൊല്ല്. എന്നാല്‍ ജാവഡേക്കറെ കണ്ടതില്‍ തെറ്റില്ല. താനും സംസാരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കൊന്നും കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാക്കിയ എം.വി.ഗോവിന്ദന്‍റെ പ്രതിരോധം ദുര്‍ബലമായി. പ്രചാരവേല കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമാണ്. മറ്റു നേതാക്കളെ കാണുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.

ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ.പി.ജയരാജന്‍ ഒഴിവാക്കണമായിരുന്നുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ഇടതുപക്ഷം ജാഗ്രതപാലിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

EP Jayarajan meets Prakash Javadekar issue on polling day

MORE IN BREAKING NEWS
SHOW MORE