കേരളം നാളെ പോളിങ് ബൂത്തിലേക്ക് ; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

election-booth
SHARE

ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരളം നാളെ ബൂത്തിലേക്ക്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാര്‍ക്കായി ഇരുപത്തയ്യായിരത്തിലധികം ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. നാല്‍പ്പത് ദിവസം നീണ്ട പ്രചാരണം ആവേശത്തോടെ അവസാനിപ്പിച്ച ശേഷം, വിട്ടുപോയതെല്ലാം പൂരിപ്പിക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു ഇന്ന് സ്ഥാനാര്‍ഥികളും മുന്നണികളും. ജയം ഉറപ്പെന്ന് എല്ലാവരും അവകാശപ്പെടുമ്പോളും നെഞ്ചിടിപ്പിനും ആകാംക്ഷയ്ക്കും ഒരു കുറവുമില്ല. 

ഇന്ന് രാവിലെ തുടങ്ങിയ പോളിങ് സാമഗ്രികളുടെ വിതരണം ഇരുപത് മണ്ഡലങ്ങളിലും വലിയ പരാതികള്‍ക്ക് ഇടയില്ലാതെ പൂര്‍ത്തിയായി. തൊടുപുഴയില്‍ മാത്രമാണ് പ്രശ്നമുണ്ടായത്.ഇവിടെ 38 ാം നമ്പര്‍ ബൂത്തിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥ എത്തിയില്ല. അവര്‍ക്കെതിരെ നടപടിയുണ്ടാകും. നാളെ രാവിലെ നമ്മള്‍ എത്തുമ്പോള്‍ വോട്ടിടാനുള്ള ബൂത്തും സൗകര്യങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. 2 കോടി 77 ലക്ഷത്തി 49 159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. സ്ഥാനാര്‍ഥികളില്‍ പിന്നിലെങ്കിലും വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെ. 5 ലക്ഷത്തി 34 394 പേര്‍ ജനാധിപത്യ പ്രക്രീയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. 25 231 ബൂത്തുകളാണ് ആകെയുള്ളത്. ഇതില്‍ 437 എണ്ണം സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്നവയും ആറെണ്ണം ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്നവയുമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കഴിഞ്ഞ തവണ 77.68 ശതമാനമെന്ന ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വില്ലനെങ്കിലും ഇത്തവണയും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

പല മണ്ഡലങ്ങളിലും കള്ളവോട്ടും ഇരട്ടവോട്ടും ആരോപണമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ചെറിയൊരു ശതമാനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എട്ട് ജില്ലകളിലെ എല്ലാ ബുത്തിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തിലും വെബ് കാസ്റ്റിങും ഒരുക്കിയാണ് കേരളം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പാര്‍ലമെന്റ് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്.

Elections 2024: Stage set for round two; voting in Maharashtra, Kerala, Karnataka tomorrow

MORE IN BREAKING NEWS
SHOW MORE