രക്ഷാപ്രവര്‍ത്തനം വിഫലം; തൃശൂരില്‍ കിണറ്റില്‍ വീണ ആന ചരിഞ്ഞു

തൃശൂര്‍ വെള്ളക്കാരിത്തടത്ത് വീട്ടുകിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമം വിഫലമായി. 

വീട്ടുക്കിണറ്റില്‍ വീണ കാട്ടാന കിണറിനുള്ളില്‍ ആദ്യം സജീവമായിരുന്നു. തുമ്പിക്കൈ മുകളിലോട്ടുയര്‍ത്തിയും വെള്ളംകുടിച്ചും ആന നിന്നു. പക്ഷേ, രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ആനയുടെ അനക്കം നിലച്ചു. പിന്നെ, ആന ചരിഞ്ഞെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് ആന കിണറില്‍ വീണത്. വ്യാസം കുറവായി കിണറില്‍ ആന ഞെരിഞ്ഞമര്‍ന്നു. കൊമ്പ് കിണറിന്റെ ഭിത്തിയില്‍ കുടുങ്ങി നിന്നു. കിണറിനു സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കി ആനയെ കയറ്റിവിടാനായിരുന്നു ശ്രമം. കുഴിയെടുത്ത് കിണറ്റില്‍ ആന നിന്നിരുന്ന ഭാഗത്ത് എത്തിയിരുന്നു. ആനയ്ക്കു കയറി പോകാന്‍ വഴിയും വെട്ടി. അപ്പോഴേക്കും ആന ചരിഞ്ഞു. കിണറ്റില്‍ വീണപ്പോള്‍ ക്ഷതം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം. 

ആനയെ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. സ്ഥിരമായി കാട്ടാനകളിറങ്ങുന്ന പ്രദേശമാണിത്. രാത്രികാലങ്ങളില്‍ ആനകളുടെ ശല്യം ജനവാസമേഖലയില്‍ രൂക്ഷവുമാണ്. ഇതിനിടെയാണ്, കാട്ടാന കിണറ്റില്‍ വീണത്. ആന കൃഷിയിടം നശിപ്പിച്ചതിനു പിന്നാലെ, കിണറിനു സമീപത്ത് കുഴിയെടുത്തുള്ള രക്ഷാപ്രവര്‍ത്തനംമൂലം കൃഷിഭൂമി ഉഴുതുമറിച്ച അവസ്ഥയിലാണ് ഇപ്പോള്‍.

Wild elephant dies, Thrissur