സംസ്ഥാനത്ത് മണ്ഡല പര്യടനം ഇന്ന് പൂര്‍ത്തിയാകും; കലാശക്കൊട്ട് നാളെ

ലോക്സഭ തിരഞ്ഞെടുപ്പ്
  • കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തില്‍
  • ദേശീയ ശ്രദ്ധയാകര്‍ഷിച്ച് പിണറായി–രാഹുല്‍ വാക്​പോര്
  • ആത്മവിശ്വാസത്തില്‍ മുന്നണികള്‍
kerala-election-23
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. വെള്ളിയാഴ്ചയാണ് കേരളം വിധിയെഴുതുന്നത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച രാഹുല്‍ – പിണറായി വാക്പോരാണ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളെ ചൂടുപിടിപ്പിക്കുന്നത്.  

സ്ഥാനാര്‍ഥികള്‍ മിക്കവരും പ്രചാരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു മാര്‍ച്ച് 16ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 38 ദിവസങ്ങള്‍ കഴിഞ്ഞു. സി.എ.എ യില്‍ തുടങ്ങിയതാണ് പ്രചാരണം. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി, പെന്‍ഷന്‍ മുടങ്ങിയത്, വിലക്കയറ്റം, മാസപ്പടി, കരുവന്നൂര്‍, കോണ്‍ഗ്രസ് നേതാക്കളുടെ കാലുമാറ്റം, കള്ളവോട്ട്, പ്രകടനപത്രിക ഇങ്ങനെ നീളുന്നു പ്രചാരണവിഷയങ്ങള്‍. ഏറ്റവും കടുത്ത പോര് നടക്കുന്ന വടകരയിലെ ബോംബ് രാഷ്ട്രീയവും വ്യക്തിഹത്യാ ആരോപണവും സംസ്ഥാനമാകെ പ്രതിധ്വനിച്ചു. നേതാക്കള്‍ നിലവിട്ടതോടെ പ്രചാരണവും ദിശമാറി.

ബി.ജെ.പി വിരുദ്ധ വോട്ടുകളാണ് രാഹുല്‍ – പിണറായി പോരിന്‍റെ ഉന്നം.  ഉത്തരേന്ത്യയിലെ നഷ്ടം ദക്ഷിണേന്ത്യയില്‍ നികത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇത് ഇന്ത്യ മുന്നണിക്കെതിരായ ആയുധവുമായി. യഥാര്‍ഥ ചൂടിനൊപ്പം ഈ പ്രചാരണചൂടും താണ്ടുകയാണ് മുന്നണികള്‍. സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം ഇന്ന് പൂര്‍ത്തയാകും. നാളെ ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്. രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ഥികളുടെ റോഡ് ഷോ നടക്കും. മൂന്നുമണിയോടെ മണ്ഡലകേന്ദ്രങ്ങളില്‍ താളമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍ പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് പരസ്യപ്രചാരണം നിര്‍ത്തും. അടിയൊഴുക്കുകളുടെയും നിശബ്ദപ്രചാരണത്തിന്‍റെയും  ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും.

Lok sabha election 2024; Kerala to cast vote on Friday

MORE IN BREAKING NEWS
SHOW MORE