കെ.കമലാക്ഷിക്ക് പകരം വി.കമലാക്ഷി വോട്ടു ചെയ്തു; 2 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

suspension-for-two-polling-
SHARE

കണ്ണൂരിൽ വയോധികർക്ക് വീട്ടിലെത്തിയുള്ള വോട്ടിൽ കള്ളവോട്ട് നടന്നു എന്ന പരാതിയിൽ ബിഎൽഒയ്ക്കും പോളിങ് ഓഫീസർക്കും സസ്പെൻഷൻ. കണ്ണൂർ അസംബ്ലി മണ്ഡലത്തിലെ 70ാം നമ്പർ ബൂത്തിൽ കോൺഗ്രസ് അനുഭാവിയായ ബിഎല്‍ഒ കള്ളവോട്ടിന് കൂട്ട് നിന്നുവെന്ന എൽഡിഎഫിന്‍റെ പരാതിയിലാണ് ജില്ല കലക്ടറുടെ നടപടി. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് കള്ള വോട്ട് ചെയ്യുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആരോപിച്ചു.

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70ാം നമ്പര്‍ ബൂത്തിലെ 1420 നമ്പർ വോട്ടററായ കെ.കമലാക്ഷിക്ക് പകരം യു.ഡി.എഫ് അനുഭാവിയായ ബിഎൽഒ ഗീത 1148 നമ്പർ വോട്ടറായ വി.കമലാക്ഷിയെ കൊണ്ട് കഴിഞ്ഞ പതിനഞ്ചാം തീയതി വോട്ടു ചെയ്യിപ്പിച്ചുവെന്നായിരുന്നു എൽഡിഎഫിന്റെ പരാതി. ഈ പരാതിയിലാണ് ബിഎൽഒയെയും പോളിങ് ഓഫീസറെയും ജില്ല കലക്ടർ അരുൺ.കെ.വിജയൻ സസ്പെന്‍ഡ് ചെയ്തത്. കണ്ണൂർ നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുമുണ്ട്. 

വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ.രാജ്, എന്നിവരെ ജില്ല കലക്ടർ ചുമതപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വി. കമലാക്ഷിയുടെ വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ജില്ല കലക്ടർ  തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഭയം കൊണ്ടാണ് കോൺഗ്രസ് കള്ളവോട്ടു ചെയ്യുന്നതെന്ന് ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി. നീതി പൂർവ്വമായി തിരഞ്ഞെടുപ്പ് നടക്കണമെന്നും സംവിധാനത്തെ അട്ടിമറിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കല്യാശേരിയിലെ ദേവിക്ക് കണ്ണു കാണുന്നില്ലെന്നും അവരെ ബ്രാഞ്ച് സെക്രട്ടറി സഹായിച്ചതാണന്നും ജയരാജന്‍ അവകാശപ്പെട്ടു.

Suspension for two polling officers in Kannur

MORE IN BREAKING NEWS
SHOW MORE