കോഴിക്കോട് ആളുമാറി വോട്ടുചെയ്തതില്‍ നടപടി; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

peruvayal-vote
SHARE

കോഴിക്കോട് പെരുവയലിലെ വീട്ടില്‍ നടന്ന വോട്ടെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍. എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ വരണാധികാരിയായ കലക്ടറുടെ നടപടി. ഇന്നലെ നടന്ന വോട്ടെടുപ്പിലാണ് പായമ്പുറത്ത് ജാനകിയമ്മയുടെ വോട്ട് അതേപേരുള്ള കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് ഉദ്യോഗസ്ഥര്‍ ചെയ്യിച്ചത്.

ഹോം പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, ബിഎല്‍ഒ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്..  പായമ്പുറത്ത് ജാനകിയമ്മ എന്ന കുന്ദമംഗലം മണ്ഡലത്തിലെ 84–ാം ബൂത്തിലെ 92–കാരിയായ വോട്ടര്‍ക്ക് ഇന്നലെയാണ് വോട്ട് നഷ്ടമായത്.  കൊടശ്ശേരി ജാനകിയമ്മ കൊണ്ട് ചെയ്യിച്ച വോട്ടിലെ പിഴവ് എല്‍ഡിഎഫിന്‍റെ ബൂത്ത് ഏജന്‍റ് ചൂണ്ടിക്കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ലെന്നായിരുന്നു പരാതി. വോട്ടര്‍ പട്ടിക പോലും ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നില്ലെന്ന് ബൂത്ത് ഏജന്‍റ് മനോരമ ന്യൂസിനോട് പറഞ്ഞു. വോട്ട് നഷ്ടപ്പെട്ടതിന്‍റെ സങ്കടം പായമ്പുറത്ത് ജാനകിയമ്മയും പങ്കുവെച്ചു.

ആളുമാറിയാണ് തന്നെക്കൊണ്ട് വോട്ട് ചെയ്യിച്ചതെന്ന് കൊടശ്ശേരി ജാനകിയമ്മയും അറിഞ്ഞില്ല. ഉദ്യോഗസ്ഥരെത്തി വോട്ട് ചെയ്യാന്‍ പറഞ്ഞപ്പോള്‍ പട്ടികയില്‍ പേരില്ലാത്തതൊന്നും തനിക്കറിയുമായിരുന്നില്ലെന്ന് ജാനകിയമ്മ പറഞ്ഞു. എന്തായാലും പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍ നടപടി സ്വീകരിച്ചത്.

MORE IN BREAKING NEWS
SHOW MORE