അത് 'കേരള സ്റ്റോറി'യല്ല; തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; ലത്തീന്‍ അതിരൂപത മുഖപത്രം

കേരള സ്റ്റോറി സിനിമയ്ക്കെതിരെ ലത്തീന്‍ സഭാ മുഖപത്രം ജീവനാദം. ഇടുക്കി രൂപത കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് 'പക്ഷം' എന്ന കോളത്തില്‍ കെ.ജെ. സാബുവിന്റെ ലേഖനം. ഇടുക്കി രൂപത അധികാരികള്‍ തലചൊറിയുന്നത് തീക്കൊള്ളികൊണ്ടാണെന്നും വിമര്‍ശിക്കുന്നു 

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്ത ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍  അവര്‍ക്ക് വിശുദ്ധ ബൈബിളിനെക്കാള്‍ വലുത് 'വിചാരധാര'യാണെന്ന് തോന്നും.  ഇടുക്കി രൂപത അധികാരികള്‍ തലചൊറിയുന്നത് തീക്കൊള്ളികൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന വലിയ നിശ്ചയമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലര്‍ത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവര്‍. അവരെ തികഞ്ഞ മുസ്‌ലിം വിരോധികള്‍ ആക്കിമാറ്റുകയെന്ന സംഘപരിവാര്‍ അജന്‍ഡയാണിപ്പോള്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 

കേരള സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗന്‍ഡ സിനിമയില്‍ പറയുന്നത്  32,000 ക്രൈസ്തവ യുവതികളെ മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കി എന്നാണ്. 32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും പത്തുപേരുടെയെങ്കിലും വിവരങ്ങള്‍ കൊടുത്താല്‍ മതി എന്നും ലേഖനത്തില്‍ പറയുന്നു. 2020 നവംബറില്‍ ഐഎസുമായി ബന്ധമുള്ള 66 ഇന്ത്യന്‍ വംശജരായ പോരാളികള്‍ ഉണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നാലുപേര്‍ മാത്രമാണ് മലയാളികളെന്ന് പറയുന്നു ലേഖനം. തിരഞ്ഞെടുപ്പ് കാലത്ത് ഏതോ പരിവാര്‍ തിങ്ക്താങ്കിന്റെ തന്ത്രം നടപ്പാക്കാനുള്ള കോടാലിക്കൈ ആയി ആരും അധഃപതിക്കരുതെന്നാണ് സ്ഥിരബുദ്ധിയുള്ള മനുഷ്യര്‍ ആശിക്കുന്നത് എന്നു കുറിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

Latin archdiocese's paper against Kerala Story