‘സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല’; ബിജെപി ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

pinarayi-vijayan
SHARE

ലോക്സഭാതിരഞ്ഞെടുപ്പില്‍ സിപിഎം–ബിജെപി ‘ഡീല്‍’ ഉണ്ടെന്നാരോപിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്്ട്രീയ ചെറ്റത്തരം കാണിക്കുന്ന സംഘടനയല്ല സിപിഎം. കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ ശൈലിയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കേരളത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയും ബിജെപിയും കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് പിണറായി ആരോപിച്ചു. കേരളത്തിലെ സഹകരണമേഖല നല്ല നിലയിലാണ്. കരുവന്നൂരില്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019ലേതിനു വിപരീതഫലമാകും  ഉണ്ടാകുക.  എല്‍ഡിഎഫ് മികച്ച വിജയം നേടും. എന്‍ഡിഎ മൂന്നാമതാകും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘപരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കടമെടുപ്പ് പരിധി ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത് എങ്ങനെയാണ് തിരിച്ചടിയാവുകയെന്ന് പിണറായി വിജയന്‍ ചോദിച്ചു. കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിനെതിരെ ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി പറ​ഞ്ഞു

MORE IN BREAKING NEWS
SHOW MORE