സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ആദിത്യ ശ്രീവാസ്തവയ്ക്ക് ഒന്നാം റാങ്ക്

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി മലയാളി വിദ്യാര്‍ഥികള്‍. എറണാകുളം സ്വദേശി സിദ്ധാര്‍ഥ്  രാംകുമാര്‍ നാലാം റാങ്ക് നേടി.  ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.  

സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ 100ൽ 13 മലയാളികളാണ് ഇടംപിടിച്ചത്.  ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തത്. 1.105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ കണിച്ചിരുന്നത്. 

രണ്ടുവട്ടം ഐപിഎസ് കിട്ടിയിട്ടും വീണ്ടും ഐഎഎസിനായി ശ്രമിച്ചാണ് സിദ്ധാര്‍ഥ് നാലാം റാങ്ക് സ്വന്തമാക്കിയത്. ആദ്യം പോസ്റ്റ് ആന്‍ഡ് ടെലികോം സര്‍വീസ് ലഭിച്ച് പിന്നീട് പരീക്ഷയെഴുതിയാണ്  ഐപിഎസ് നേടിയത്.  നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലുള്ള  സിദ്ധാര്‍ഥ് ഐഎഎസിനായി നാലാംതവണ ശ്രമിച്ചത് വീട്ടില്‍പോലും പറയാതെയാണ്. ഫലം വന്ന് പലരും വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് സിദ്ധാര്‍ഥിന്റെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.