വടം കഴുത്തില്‍ കുരുങ്ങി യുവാവിന്‍റെ മരണം; ബൈക്ക് എത്തിയത് അമിതവേഗത്തില്‍; ദൃശ്യങ്ങള്‍

കൊച്ചി നഗരത്തില്‍ പ്രധാനമന്ത്രിക്കായി ഒരുക്കിയ സുരക്ഷാവടം കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. രവിപുരം സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പൊലീസ് പിഴവാണ് മരണത്തിന് കാരണമെന്ന് മനോജിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബൈക്ക് അമിത വേഗതയില്‍ ആയിരുന്നുവെന്ന് പറഞ്ഞ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

ഞായറാഴ്ച രാത്രി 9.50ന് വളഞ്ഞമ്പലം ജംഗ്ഷനിലായിരുന്നു അപകടം. സൗത്ത് മേല്‍പാലം ഇറങ്ങി എംജി റോ‍ഡ് ജംഗ്ഷനിലേക്ക് പോയ മനോജ് ഉണ്ണിയുടെ ഇരുചക്രവാഹനമാണ് റോഡിന് കുറുകെ കെട്ടിയ വടത്തില്‍ കുരുങ്ങിയത്. നേവല്‍ ബേസില്‍ നിന്ന് എറണാകുളം ഗസ്റ്റ്ഹൗസിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്രയുടെ ഭാഗമായിട്ടാണ് റോഡുകളില്‍ വടം കെട്ടി ഗതാഗതം നിയന്ത്രിച്ചത്. ഗതാഗതം നിയന്ത്രിക്കാന്‍ നിന്നിരുന്ന മൂന്ന് പൊലീസുകാര്‍ കൈകാട്ടും മുന്‍പ് സ്കൂട്ടര്‍ വടത്തിലേക്ക് പാഞ്ഞുകയറി.  

കഴുത്തില്‍ വടം കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മനോജിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. തെരുവ് വിളക്ക് ഇല്ലാത്ത സ്ഥലത്താണ് വടം കെട്ടിയതെന്നും റിഫ്ലക്ടര്‍ പോലും ഇല്ലായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് മനോജിന്റെ കുടുംബത്തിന്‍റെ ആരോപണം. മുന്നറിയിപ്പ് അവഗണിച്ച് അമിത വേഗതയിലായിരുന്നു സ്കൂട്ടറിന്‍റെ യാത്രയെന്നാണ് പൊലീസിന്‍റെ വാദം.  

വടുതലയില്‍ വാടക വീട്ടിലാണ് മനോജിന്റെ കുടുംബം ഇപ്പോള്‍ കഴിയുന്നത്. കൊച്ചി നഗരസഭയിലെ ശുചീകരണവിഭാഗം ജീവനക്കാരനായ പിതാവിന്റെ രോഗബാധയെ തുടര്‍ന്ന് നഗരസഭയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു മനോജ്.