ജെസ്ന തിരോധാന കേസ്; ദുരൂഹമായി വസ്ത്രത്തിലെ രക്തക്കറ; വെളിപ്പെടുത്തല്‍

jesna
SHARE

ജസ്ന തിരോധാനക്കേസില്‍ രക്തക്കറ പുരണ്ട വസ്ത്രത്തെ ചൊല്ലിയും ദുരൂഹത. ജസ്നയുടെ മുറിയില്‍ നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നില്ലെന്നും പിതാവ് ജെയിംസ് ജോസഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വെളിപ്പെടുത്തി. അതേസമയം പിതാവ് ആരോപിക്കുന്ന ജസ്നയുടെ അജ്ഞാത സുഹൃത്ത് ബന്ധുവായ യുവാവെന്ന നിഗമനത്തില്‍ മുന്‍ അന്വേഷണസംഘം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ അ‍ജ്ഞാത സുഹൃത്ത്, ഈ വെളിപ്പെടുത്തല്‍ നടത്തിയ ഹര്‍ജിയില്‍ തന്നെയാണ് രക്തക്കറ പുരണ്ട വസ്ത്രത്തേക്കുറിച്ചുള്ള ദുരൂഹതകളും പിതാവ് ഉയര്‍ത്തുന്നത്. കാണാതായതിന് പിന്നാലെ ജസ്നയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത വസ്ത്രത്തില്‍ അമിതമായ രക്തക്കറയുണ്ടായിരുന്നു. ഇത് ക്രൈംബ്രാഞ്ച് എടുത്തുകൊണ്ടുപോയെങ്കിലും കൃത്യമായി പരിശോധിച്ചില്ല. കാണാതാകുന്നതിന് ഏതാനും മാസം മുന്‍പ് വയറുവേദനയെന്ന പേരില്‍ ജസ്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ ചികിത്സയും അമിതമായ രക്തസ്രാവവും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ആ വസ്ത്രങ്ങളിലുള്ളത് ആര്‍ത്തവ രക്തമാണോ ഗര്‍ഭകാല രക്തമാണോയെന്ന് പരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജസ്നയും അജ്ഞാത സുഹൃത്തുമായുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് വസ്ത്രത്തിലെ രക്തക്കറ മുതല്‍ ഗര്‍ഭിണിയായിരുന്നോയെന്ന സംശയം വരെ പിതാവ് ഉയര്‍ത്തുന്നത്. ബന്ധുവായ യുവാവാകാം അജ്ഞാതസുഹൃത്തെന്നും  രഹസ്യപ്രാര്‍ത്ഥനാലയം പ്രദേശത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയാണെന്ന് കണ്ടെത്തിയിരുന്നെന്നും നേരത്തെ അന്വേഷിച്ച ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നു. രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചെന്ന് സമ്മതിക്കുന്ന ക്രൈംബ്രാഞ്ച് അതില്‍ സംശയമുണ്ടായിരുന്നെന്നും സ്ഥിരീകരിക്കുന്നു. 

എന്നാല്‍ രക്തക്കറ പുരണ്ട വസ്ത്രം ലഭിച്ചിട്ടില്ലെന്നും ജസ്നക്ക് ഗര്‍ഭ ലക്ഷണമില്ലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കിയെന്നാണ് സിബിഐ നിലപാട്. രണ്ട് അന്വേഷണസംഘങ്ങളുടെ വ്യത്യസ്ത നിലപാട് തുടര്‍ അന്വേഷണം ആവശ്യമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.

MORE IN BREAKING NEWS
SHOW MORE