കുടുംബത്തിന് ധനേഷിന്റെ കോളെത്തി; പക്ഷെ എവിടെനിന്നാണന്ന് മറുപടി കിട്ടിയില്ല

dhanesh-called-family
SHARE

താന്‍ സുരക്ഷിതനാണെന്ന് അറിയിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ വയനാട് സ്വദേശി ധനേഷിന്‍റെ ഫോണ്‍ കോള്‍. അജ്ഞാത നമ്പറില്‍ നിന്നാണ് കുടുംബത്തിന് ഫോണെത്തിയത്. പാലക്കാട് സ്വദേശി സുമേഷും സുരക്ഷിതനാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചെന്ന് പിതാവ് ശിവരാമനും അറിയിച്ചു. എന്നാല്‍ കോഴിക്കോട് സ്വദേശി ശ്യാംനാഥിനെ കുറിച്ച് യാതൊരു വിവരവുമില്ല. മക്കളുടെ കാര്യത്തില്‍ ആശങ്കയിലാണെന്ന് കുടുംബാംഗങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കാട്ടിക്കുളം പാല്‍വെളിച്ചം സ്വദേശി ധനേഷ് വൈകുന്നേരമാണ് കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടത്. മകനാണ് വിളിക്കുന്നതെന്നും സുരക്ഷിതനാണെന്നും മാത്രം സംഭാഷണം. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് കുടുബംാഗങ്ങള്‍ ചോദിച്ചെങ്കിലും മറുപടി ലഭിക്കാതെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. സ്വിറ്റസര്‍ലന്‍റ് നമ്പറാണെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കപ്പലിലെ സെക്കന്‍റ് ഓഫീസറായ ധനേഷ് നാട്ടില്‍ വരാനിരിക്കെയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്ന് മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു

പാലക്കാട് വടശേരി സ്വദേശി സുമേഷിന്‍റെ വീട്ടിലേക്ക് മുംബൈയിലെ ആസ്ഥാനത്ത് നിന്ന് എംഎസ്‌സി അധികൃതരാണ് ഫോണ്‍ ചെയ്തത്. മകന്‍ സുരക്ഷിതനാണെന്നും ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാല്‍ എവിടെയാണുള്ളതെന്ന് മാത്രം പറഞ്ഞില്ലെന്ന് പിതാവ് ശിവരാമന്‍ മനോരമ ന്യൂസിനോട്.

അതേസമയം, കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ് ഒടുവില്‍ ബന്ധപ്പെട്ടത് ഇന്നലെ കപ്പല്‍ പിടികൂടുന്നതിന് മുമ്പാണെന്ന് ശ്യാംനാഥിന്‍റെ അച്ഛന്‍ വിശ്വനാഥന്‍. എംഎസ്‌സി ഏരീസ് കപ്പലില്‍ സെക്കന്‍റ് എന്‍ജിനീയറായി പത്തുവര്‍ഷമായി ജോലി ചെയ്തുവരികയാണ് ശ്യാംനാഥ്. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹം കഴി‍ഞ്ഞ് മടങ്ങിപ്പോയത്. പാലക്കാട് സ്വദേശി സുമേഷ് തേ‍ഡ് എന്‍ജിനീയറാണ്. നയതന്ത്ര ഇടപെടലിലാണ് ഇനി കുടുംബങ്ങളുടെ പ്രതീക്ഷ മുഴുവന്‍.

Dhanesh Called his family

MORE IN BREAKING NEWS
SHOW MORE