തിര.കമ്മിഷന്‍ ഇടഞ്ഞു; മോദി–ഗേറ്റ്സ് അഭിമുഖത്തിന്റെ സംപ്രേഷണം ഉപേക്ഷിച്ച് ദൂരദര്‍ശന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും തമ്മിലെ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതിക്ക് അനുമതി നല്‍കിയില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനൗദ്യോഗികമായി അറിയിച്ചു. അനുമതി ലഭിക്കാതിരുന്നതോടെ അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാര്‍ ഭാരതി ഉപേക്ഷിച്ചു. 

പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍വച്ചാണ് നരേന്ദ്ര മോദിയും ബില്‍ ഗേറ്റ്സും ആശയവിനിമയം നടത്തിയത്. മാര്‍ച്ച് 29ന് മോദിയുടെ യൂട്യൂബ് ചാനല്‍ വഴി ഉള്‍പ്പെടെ വീഡിയോ പുറത്തുവിട്ടു. നിര്‍മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ദൂരദര്‍ശന്‍ അടക്കം മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യാന്‍ അനുമതി തേടി പ്രസാര്‍ ഭാരതി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. 

അഭിമുഖം സംപ്രേഷണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭിക്കണമെന്ന നിലപാടിന് വിരുദ്ധമാകുമെന്നും ഒൗദ്യോഗിക മാധ്യമ സംവിധാനങ്ങള്‍ ഭരണകക്ഷിക്കായി ഉപയോഗിച്ചുവെന്ന വിമര്‍ശനത്തിന് ഇടയാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തുന്നു. പ്രസാര്‍ ഭാരതി അയച്ച ഇ–മെയിലിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയില്ല. ഇതോടെ അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം പ്രസാര്‍ ഭാരതി ഉപേക്ഷിച്ചു. 

Modi Bill Gates Interview; Election commission Prasar Bharti