ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാന്‍ മറിഞ്ഞ് കുട്ടി ഉൾപ്പടെ രണ്ടുപേര്‍ മരിച്ചു

ഇടുക്കി കുത്തുങ്കൽ വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ നിയന്ത്രണം  വിട്ട് മറിഞ്ഞു അമ്മയും പത്തുവയസുകാരിയും മരിച്ചു. തമിഴ്നാട് ശിവഗംഗ സ്വദേശികളായ റജീനയും മകൾ സനയുമാണ  മരിച്ചത്. ഇരുപത് പേർക്ക് പരുക്കേറ്റു. തമിഴ്നാട് ശിവഗംഗ സ്വദേശികൾ സഞ്ചാരിച്ച വാഹനമാണ് വട്ടക്കണ്ണിപ്പാറയിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ റജിനയെയും മകൾ സനയെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം 

വാഹനത്തിൽ 23 പേരാണ് ഉണ്ടായിരുന്നത്. രൂപമാറ്റം നടത്തിയ വാഹനത്തിൽ അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവർ  തേനി മെഡിക്കൽ കോളജിൽ  ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. റജിനയുടെയും മകൾ സനയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

accident in Idukki; Two people died, including a child