ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലേ?; ബോംബ് സ്ഫോടനം സിപിഎം അറിവോടെ: രമ

പാനൂ‌‍ര്‍ ബോംബ് സ്ഫോടനം സിപിഎം അറിഞ്ഞുതന്നെയെന്ന് കെ.കെ.രമ മനോരമ ന്യൂസിനോട്. ഡിവൈഎഫ്ഐക്കാര്‍ പാര്‍ട്ടിക്കാരല്ലേ ? സിപിഎം സംസ്ഥാനസെക്രട്ടറി എല്ലാവരെയും പൊട്ടന്‍മാരാക്കുകയാണോ ?. 

കണ്ണൂരിലെ സിപിഎമ്മിന്റെ ബന്ധം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. പാനൂർ ബോംബ് നിർമാണ കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു രമ. 

സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നു എം.വി ഗോവിന്ദന്‍ ഇന്നു പറഞ്ഞിരുന്നു. ഒരാളും പാര്‍ട്ടി അറിവോടെ അതിനു മുതിരേണ്ട, പാര്‍ട്ടി അത് ഉപയോഗിക്കുന്നുമില്ല. ബോംബ് നിർമാണ കേസിൽ സന്നദ്ധ പ്രവർത്തകനെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്ന് പൊലീസും,  ഡിവൈഎഫ്ഐക്കാര്‍ ബോംബ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഡിവൈഎഫ്ഐയും പരിശോധിക്കട്ടെ. ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകുന്ന സി പി എമ്മിന് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡിവൈഎഫ്ഐക്കാരന്‍ സ്ഫോടനം നടന്നപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ പോയ ആളെന്നുള്ള നിലപാടിലും എം.വി.ഗോവിന്ദന്‍ മാറ്റം വരുത്തി. സന്നദ്ധപ്രവര്‍ത്തകര്‍ പിടിയിലായോ എന്ന് പൊലീസ് പരിശോധിക്കട്ടെയെന്ന് എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന സമീപനമാണ് പൊലീസിനെന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്  എം.വി.ഗോവിന്ദന്‍ ഏപ്രില്‍ നാലിന് പറഞ്ഞത്.  

അതേസമയം, പാനൂര്‍ ബോംബ് സ്ഫോടനം ഉന്നതതലആസൂത്രണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബി.ജെ.പി–ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഗൂഢാലോചന അന്വേഷിക്കണം. പൊലീസ് അന്വേഷണം ഇഴയുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും അദ്ദേഹം കോഴിക്കോട്ട് ആവശ്യപ്പെട്ടു.