രാജീവ് ചന്ദ്രശേഖര്‍ തെറ്റായ വിവരം നല്‍കിയെന്ന് കോണ്‍ഗ്രസും; കമ്മിഷന് പരാതി

തെറ്റായ സ്വത്ത് വിവരം നാമനിർദ്ദേശപത്രികയിൽ സമർപ്പിച്ച കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്. ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമായതിനാൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് പ്രകടനപത്രികയെ തെറ്റായി വ്യാഖ്യാനിച്ചു പ്രചാരണം നടത്തുന്ന പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നതടക്കം 6 പരാതികളും കോൺഗ്രസ് കമ്മീഷന് നൽകി. 

രാജീവ് ചന്ദ്രശേഖറിനെതിരായി കോൺഗ്രസ് ഉന്നയിക്കുന്ന ആരോപനങ്ങൾ ഇവയാണ്.

  1. കോടികള്‍ സ്വത്തുണ്ടായിട്ടും 2021–22 കാലഘട്ടത്തില്‍ നികുതിയടച്ചത് വെറും 680 രൂപ. 
  2. പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിനേക്കുറിച്ച് വെളിപ്പെടുത്തുന്നുമില്ല. 
  3. 29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ജനപ്രാധിനിത്യ  നിയമത്തിന്റെ ലംഘനം വ്യക്തമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

കോൺഗ്രസ് പ്രകടനപത്രിക രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നതാണെന്നും മുസ്‌ലിം ലീഗിന്റെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് എതിരെയും പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സേനയെ തുടർച്ചയായി ബി.ജെ.പി ഉപയോഗിക്കുന്നു എന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ പാർട്ടികൾക്കും നീതി ലഭ്യമാക്കി  നിക്ഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട സമയമാണിതെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. മോദി ഭരണത്തെ തുറന്നുകാട്ടാൻ രാഷ്ട്രീയവും നിയമപരവുമായ എല്ലാ വഴികളും തേടുകയാണ് കോൺഗ്രസ്. 

Rajeev Chandrasekhar has given wrong property information in the paper; Congress too; Complaint to the Election Commission