മകളെ തിരഞ്ഞ് ഏഴുദിവസം; ഒടുവില്‍ എത്തിയത് മരണവാര്‍ത്ത; അടിമുടി ദുരൂഹത

പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആര്യ. മലയാളി ദമ്പതികളായ ദേവിയുടെയും നവീന്‍ തോമസിന്റെയും മൃതദേഹങ്ങളും അതേ ഹോട്ടല്‍മുറിയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് സ്വകാര്യസ്കൂളിലെ അധ്യാപികയായിരുന്ന ആര്യയെ കഴിഞ്ഞമാസം 26നാണ് കാണാതായത്. 27ന് ആര്യയുടെ അച്ഛന്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആര്യ തനിച്ചല്ല പോയതെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഒപ്പം പോയവരെക്കൂടി ട്രാക്ക് ചെയ്തപ്പോള്‍ മൂവരും ഗുവാഹതിയിലേക്ക് പോയെന്ന് കണ്ടെത്തി. ഒടുവില്‍ ഇന്നുരാവിലെ ഇറ്റാനഗറിലെ ഹോട്ടലില്‍ നിന്ന് ബാലന്‍ മാധവന് ഫോണ്‍ സന്ദേശം ലഭിക്കുംവരെ മകളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. ആ ഫോണ്‍ കോള്‍ എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി.

ആര്യയെയും ദേവിയെയും നവീനെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് ഹോട്ടലില്‍ നിന്ന് വിളിച്ചുപറഞ്ഞത്. മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംശയമാണ് പൊലീസിനും ബന്ധുക്കള്‍ക്കും ഉള്ളത്. എന്നാല്‍ ഇറ്റാനഗര്‍ പൊലീസില്‍ നിന്ന് ഇതേപ്പറ്റി കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിശ്വാസപരമായ പ്രശ്നം മരണത്തിനുപിന്നിലുണ്ടെന്നുതന്നെയാണ് ബന്ധുക്കളുടെ നിഗമനം. 

ആര്യയും ദേവിയും തിരുവനന്തപുരം സ്വദേശികളാണ്. ദേവിയുടെയും കോട്ടയം മീനടം സ്വദേശിയായ നവീന്‍ തോമസിന്റെയും പ്രണയവിവാഹമായിരുന്നു. ആദ്യം ആയുര്‍വേദ ഡോക്ടറായിരുന്ന ദേവി ജോലി മടുത്തുവെന്ന് പറഞ്ഞാണ് സ്വകാര്യസ്കൂളില്‍ അധ്യാപികയായത്. ആര്യയും ഇതേ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. കോട്ടയത്തായിരുന്ന ദേവിയും നവീനും  മാര്‍ച്ച് 17നാണ് തിരുവനന്തപുരത്തേക്ക് പോയത്. 26ന് ആര്യയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും ഒന്നിച്ചാണ് നാടുവിട്ടതെന്ന് കണ്ടെത്തിയത്. 

Mystery surrounds the death of three Malayalees in Itanagar, Arunachal Pradesh