പണം ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസെന്ന വ്യാജേന ഭീഷണി കോള്‍; ജാഗ്രത

threat-call
SHARE

കോളജില്‍ പോയ മക്കളെ പൊലീസ് പിടിച്ചെന്ന കോള്‍ വന്നാല്‍ ഏത് രക്ഷിതാവിന്‍റെയും ഉള്ളൊന്ന് കാളും. അതും മക്കളെ ഏറെ പ്രതീക്ഷയോടെ ഡല്‍ഹിയില്‍ പഠിക്കാന്‍ അയച്ച മലയാളികള്‍ക്ക്. ഡല്‍ഹി പൊലീസ് യൂണിഫോമിലുള്ളയാളുടെ പ്രൊഫൈല്‍ പടമുള്ള നമ്പരുകളില്‍ നിന്നാണ് കോള്‍. സെക്സ് റാക്കറ്റില്‍പെട്ട് മകളെയോ പീഡനക്കേസില്‍ മകനെയോ പിടികൂടിയെന്നും കേസെടുക്കാതിരിക്കാന്‍ പതിനായിരങ്ങള്‍ നല്‍കണമെന്നുമാവും ഭീഷണി. 

ഇത്തരം കോളുകള്‍ കേട്ട് പേടിക്കണ്ട. കാരണം ഡല്‍ഹിയില്‍ നിന്നുള്ള ഭീഷണികോളുകളുടെ കാലമാണിത്. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സുമാരില്‍ അഞ്ചുപേര്‍ക്ക് അവരുടെ മക്കള്‍ കേസില്‍ അകപ്പെട്ടുവെന്ന് പറഞ്ഞ് ഭീഷണികോള്‍ ലഭിച്ചു. മക്കളെ സ്കൂളിലോ കോളജിലോ ആക്കിയിട്ട്, ജോലി സ്ഥലത്തെത്തുമ്പോള്‍ വാട്സാപ്പ് കോള്‍ ലഭിച്ച് ഞെട്ടിത്തരിച്ച രക്ഷിതാക്കള്‍ ഡല്‍ഹിയിലും കേരളത്തിലുമുണ്ട്. എന്താണ് ഭീഷണി വാട്സാപ്പ് ഫോണ്‍ കോളില്‍ പറയുക. 

മകനെങ്കില്‍ പീഡനക്കേസില്‍ പിടിയിലായി അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിന്‍റെ കൂടെ പിടികൂടി, മകളെങ്കില്‍ സെക്സ് റാക്കറ്റിന്‍റെ കൂടെ പിടിയിലായി. ഇതാണ് വാട്സാപ്പ് ഫോണ്‍ കോളിലെ ഭീഷണി. 

വിളിക്കുന്ന ആളുകള്‍, ഫോണിലൂടെ ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ കരയുന്ന ശബ്ദം കൂടി കേള്‍പ്പിക്കും. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാകും. ഈ പരിഭ്രാന്തി മുതലെടുക്കുന്ന തട്ടിപ്പുകാര്‍ നിങ്ങള്‍ വിഷമിക്കേണ്ടെന്നും പണം തന്നാല്‍ കേസില്‍നിന്ന് ഊരാമെന്നും പറയും. മക്കളുടെ നമ്പരില്‍ വിളിച്ചവരുടെ പണം പോയില്ല. ചിലര്‍ തട്ടിപ്പിന് ഇരയാവുകയും ചെയ്തു. എങ്കിലും ആരാണ് മലയാളികളുടെ നമ്പരുകള്‍ ഇങ്ങനെ തേടിപ്പിടിച്ച് വിളിക്കുന്നതെന്നതാണ് കണ്ടെത്തേണ്ടത്. 

ഏതുവിധേനയും പണം തട്ടുക എന്നതിനപ്പുറം ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. തട്ടിപ്പുകാര്‍ക്ക് എവിടെനിന്ന് മൊബൈല്‍നമ്പര്‍ ലഭിച്ചു, ഏതോക്കെ സാങ്കേതിക വിദ്യകളാണ് തട്ടിപ്പുകാര്‍ ദുരുപയോഗിക്കുന്നത്. ശ്രദ്ധവേണം. കരുതലും. 

MORE IN BREAKING NEWS
SHOW MORE