മണിപ്പുരില്‍ ഈസ്റ്ററിന് അവധിയില്ല എന്ന തീരുമാനം പിന്‍വലിച്ചു

Manipur-easeter
SHARE

മണിപ്പുരില്‍ ഈസ്റ്ററിന് അവധിയില്ല എന്ന തീരുമാനം പിന്‍വലിച്ചു. സിറോ മലബാര്‍ സഭാ നേതൃതം അടക്കം അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ശനിയാഴ്ച്ച മാത്രം പ്രവര്‍ത്തിദിവസമാക്കി മണിപ്പുര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം പുതിയ ഉത്തരവിറക്കി. ദുഖവെള്ളിയും ഈസ്റ്ററും മണിപ്പുരില്‍ അവധിയായിരിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കര്‍ വിശദീകരിച്ചു. 

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനങ്ങള്‍ എന്നത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഒാഫീസുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ശനിയും ഞായറും പ്രവര്‍ത്തി ദിവസമാക്കുന്നുവെന്നായിരുന്നു ബുധനാഴ്ച്ച പുറത്തിറക്കിയ ഉത്തരവ്. പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാരിനു കീഴിയിലെ സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ബാധകം. ഗവര്‍ണര്‍ അനുസുയ ഉയ്കെയ്ക്കുവേണ്ടി മണിപ്പുര്‍ സര്‍ക്കാര്‍ ഡപ്യൂട്ടി സെക്രട്ടറി അന്‍ഗോം ഹീരാ സിങ്ങാണ് ഉത്തരവ് ഇറക്കിയത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഈസ്റ്റര്‍ ദിനം അവധി ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു. 

വിവാദമായതോടെ ബുധനാഴ്ച്ചയിലെ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്യുന്നുവെന്നും ശനിയാഴ്ച്ച പ്രവര്‍ത്തിദിവസമായിരിക്കുമെന്നും പുതിയ ഉത്തരവില്‍ വിശദീകരിച്ചു. മണിപ്പുരില്‍ ദുഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നും കോണ്‍ഗ്രസ് മറ്റുവിഷയങ്ങളില്ലാത്തതിനാല്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കര്‍ വിശദീകരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ അടക്കം ബിജെപി ശ്രമിക്കുന്നതിടെ മണിപ്പുര്‍ ഗവര്‍ണറുടെ തീരുമാനം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് തിരുത്തല്‍. 

Manipur gov’s order ahead of Easter declaring work weekend triggers outrage

MORE IN BREAKING NEWS
SHOW MORE