സിദ്ധാര്‍ഥന്റെ മരണം; സിബിഐ അന്വേഷണ ശുപാര്‍ശ കൈമാറുന്നതില്‍ സര്‍ക്കാരിന് വീഴ്ച

sidharth-death
SHARE

സിദ്ധാർഥന്റെ മരണത്തിലെ സി. ബി. ഐ  അന്വേഷണം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച മൂലം. അന്വേഷണത്തിന് ശുപാർശയുള്ള വിജ്ഞാപനം കൈമാറിയെങ്കിലും കേസിന്റെ പൂർണ വിവരമുള്ള പെർഫോമ റിപ്പോർട്ട് മൂന്നാഴ്ചയായിട്ടും കൈമാറിയില്ല. സാഹചര്യം ഇതായിരിക്കെ നടപടികൾ പൂർത്തിയായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാനും ആഭ്യന്തരവകുപ്പ് ശ്രമിച്ചു. നടപടി വൈകിയാൽ സമരം തുടങ്ങുമെന്നും മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലന്നും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

എസ് എഫ് ഐ വഴി സർക്കാർ പ്രതിക്കൂട്ടിൽ ആയിരിക്കുന്ന കേസിൽ മനപ്പൂർവ്വം എന്ന് കരുതാവുന്ന ഗുരുതര വീഴ്ചയാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിൽ ഉണ്ടായിരിക്കുന്നത്. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം ഇറങ്ങിയത് മാർച്ച് ഒൻപതിനാണ്. 16ന് അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. വിജ്ഞാപനത്തിനൊപ്പം കേസിന്റെ തുടക്കം മുതൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിവരിക്കുന്ന പെർഫോമ റിപ്പോർട്ടും കൈമാറേണ്ടതുണ്ട്.ഇതു പരിശോധിച്ചാണ് കേസ് ഏറ്റെടുക്കണോയെന്ന് സിബിഐ തീരുമാനിക്കുക. 17 ദിവസം കഴിഞ്ഞിട്ടും ആ പെർഫോമര്‍ റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് തയ്യാറാക്കി തരാൻ ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാത്തതാണ് വീഴ്ചയായത്. 

ഇന്നലെ സിദ്ധാർത്ഥന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയപ്പോളാണ് ഈ വീഴ്ച ആഭ്യന്തര വകുപ്പ് അറിയുന്നത്. എന്നാൽ എല്ലാ റിപ്പോർടും നൽകിയെന്ന് മാധ്യമങ്ങളോട് നുണ പറഞ്ഞ് , ആരും അറിയാതെ പെർഫോമർ റിപ്പോർട്ട് തയ്യാറാക്കി നൽകി തടി തപ്പാനാണ് ഇപ്പോഴത്തെ ശ്രമം. റിപ്പോർട്ട് വൈകുംതോറും സി.ബി. ഐ അന്വേഷണവും വൈകും. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാഹചര്യവും ഒരുങ്ങും. ഇന്നലെ കേന്ദ്രമന്ത്രി രാജി ചന്ദ്രശേഖരനെയും ഗവർണറെയും കണ്ട സിദ്ധാർത്ഥന്റെ കുടുംബം ഇന്ന് പ്രതിപക്ഷ നേതാവിനെയും കണ്ട് സഹായം തേടി. പ്രതിപക്ഷത്തെ വിശ്വാസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഭരണപക്ഷത്തുള്ളവരെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി.

കുടുംബത്തോടൊപ്പം സമരത്തിനും തയ്യാറാകും എന്നാണ് പ്രതിപക്ഷ നിലപാട്. ആഭ്യന്തരവൂപ്പിന്റെ വീഴ്ചയെ കുറിച്ചോ വീണ്ടും സമരം എന്ന കുടുംബത്തിന്റെ നിലപാടിലോ പ്രതികരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

Death of Siddhartha; Government's failure to forward CBI probe recommendation

MORE IN BREAKING NEWS
SHOW MORE