യോഗത്തില്‍ സംഘര്‍ഷമുണ്ടായെന്നത് വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കും: സിപിഎം

udhayabanu-cpm
SHARE

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.ബി.ഹര്‍ഷകുമാറും  എ.പത്മകുമാറും ഏറ്റുമുട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.എം. ഇരുവരെയും ഒപ്പമിരുത്തിയായിരുന്നു ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ വാര്‍ത്താസമ്മേളനം. യോഗത്തിലുണ്ടായിരുന്ന മന്ത്രി വി.എന്‍.വാസവന്‍ കയ്യാങ്കളി നിഷേധിച്ചെങ്കിലും തര്‍ക്കമുണ്ടായെന്ന് സമ്മതിച്ചു. അതേസമയം സംഘര്‍ഷവിവരം മന്ത്രി വി.എന്‍.വാസവന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു എന്നും തിരഞ്ഞെടുപ്പിന് ശേഷം നടപടി ഉണ്ടാകും എന്നുമാണ് വിവരം.  

സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ബി.ഹര്‍ഷകുമാറും എ.പത്മകുമാറുമാണ് ഇന്നലെ രാത്രിയിലെ യോഗത്തില്‍ ഏറ്റുമുട്ടിയത്.  ഇടത് സ്ഥാനാര്‍ഥി ടി.എം.തോമസ് ഐസക്കിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം തൃപ്തികരമല്ലെന്ന വിമര്‍ശനം ഉയര്‍ത്തിയായിരുന്നു ഏറ്റുമുട്ടല്‍. പത്മകുമാറിന് മര്‍ദനമേറ്റെന്നും തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെന്നും ആയിരുന്നു വാര്‍ത്ത. ഇരുവരേയും ഒപ്പം ഇരുത്തിയാണ്് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സംഘര്‍ഷ വാര്‍ത്ത തള്ളിയത്. ഇടതുമുന്നണി മുന്നേറ്റത്തെ തടയാനാണ് വാര്‍ത്തയെന്നും നിയമ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മര്‍ദനമേറ്റിട്ടില്ലെന്നും രാജിവച്ചില്ലെന്നും എ പത്മകുമാറും പറഞ്ഞു. സംഘര്‍ഷമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പരിപാടിയെ സംബന്ധിച്ചു മാത്രമാണ് തര്‍ക്കം ഉണ്ടായതെന്നുമാണ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞത്. 

തോമസ് ഐസക്കിന്‍റെ പ്രചാരണം തൃപ്തികരമല്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നതിനിടെ  കയ്യാങ്കളി വാര്‍ത്തകൂടി പുറത്തു വരുന്നത് തിരിച്ചടിയാകും എന്നാണ് വിലയിരുത്തല്‍. സംസ്ഥാനനേതാക്കള്‍ അടക്കം ഇടപെട്ടാണ് വിഷയം തല്‍ക്കാലം രമ്യതയില്‍ എത്തിച്ചതെന്നാണ് വിവരം. തല്‍ക്കാലം പരസ്യമായ നടപടികള്‍ ഉണ്ടാകില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം നടപടി വന്നേക്കും.

CPM district meeting turns violent over election campaign dispute for Thomas Isaac; cpm official reaction

MORE IN BREAKING NEWS
SHOW MORE