ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം; മന്ത്രി അതിഷി അറസ്റ്റില്‍; ഹര്‍ജി പരിഗണിക്കുന്നത് വൈകും

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്​രിവാളിനെ അറസ്റ്റ് ചെയ്തതിനെ ചൊല്ലി ഡല്‍ഹിയില്‍ കൂറ്റന്‍ പ്രതിഷേധവും സംഘര്‍ഷവും. എഎപി മന്ത്രിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മന്ത്രി അതിഷിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പ്രവര്‍ത്തകരും പ്രതിരോധിച്ചു. ഇതോടെ പൊലീസുമായി ഉന്തും തള്ളുമാകുകയായിരുന്നു. 

കേജ്​രിവാളിന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകരോട് ജസ്റ്റിസ് സഞ‍്ജീവ് ഖന്നയുടെ ബെഞ്ചിനെ സമീപിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു. രണ്ടംഗ ബെഞ്ച് പരിഗണിക്കേണ്ട കേസുകള്‍ക്ക് ശേഷം മൂന്നംഗ പ്രത്യേക ബെഞ്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

അതേസമയം, അരവിന്ദ് കേജ്​രിവാളിനെ ഇ.ഡി അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യംചെയ്യുന്നു. ഇ.ഡി കസ്റ്റഡിയിലുളള ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്കൊപ്പവും കേജ്‌രിവാളിനെ ചോദ്യംചെയ്യും. കവിതയ്ക്ക് മദ്യ കമ്പനികള്‍ നല്‍കിയ 100 കോടി എഎപി കൈപറ്റിയെന്നാണ് ഇ.ഡിയുടെ ആരോപണം.

Atishi in delhi police's custody, protest in Delhi